ന്യൂഡൽഹി: പട്ടികജാതി പട്ടികയിൽ നിന്ന് പുറത്തായ കർണാടകയിലെ കൊട്ടേഗര വിഭാഗത്തിലെ ബാങ്ക് ജീവനക്കാർക്ക് സംവരണാനുകൂല്യത്തിൽ ലഭിച്ച ജോലി തുടരാമെന്ന് സുപ്രീംകോടതി. എസ്.സി വിഭാഗത്തിൽപ്പെട്ടിരുന്ന കാനറാ ബാങ്ക് ജീവനക്കാർക്കാണ് ആശ്വാസ ഉത്തരവ് ലഭിച്ചത്. എസ്.സി പട്ടികയിൽ നിന്ന് ഏതെങ്കിലും പ്രത്യേക ജാതിയെ നീക്കിയാലും അതിൽപ്പെട്ട ബാങ്ക് ജീവനക്കാർക്ക് ജോലിയിൽ തുടരാൻ അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർക്ക് കാനറാ ബാങ്ക് നൽകിയിരുന്ന ഷോകോസ് നോട്ടീസ് റദ്ദാക്കി.
കൊട്ടേഗര വിഭാഗം പട്ടികജാതി പട്ടികയിലുണ്ടായിരുന്നപ്പോഴാണ് ഹർജിക്കാരായ ഉദ്യോഗസ്ഥർ എസ്.സി ക്വാട്ടയിൽ ജോലിക്ക് കയറിയത്. കർണാടക സർക്കാരാണ് ഈ വിഭാഗത്തെ പട്ടികയിൽപ്പെടുത്തിയിരുന്നത്. എന്നാൽ, എസ്.സി/എസ്.ടി പട്ടികയിൽ കൂട്ടിച്ചേർക്കലുകളോ കുറവുകളോ വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് മഹാരാഷ്ട്രയിലെ കേസിൽ 2000ൽ വിധിച്ചു. ഇതിന് പിന്നാലെ കൊട്ടേഗര വിഭാഗത്തെ പട്ടികയിൽ ഉൾപ്പെടുത്തിയ കർണാടകയുടെ നടപടി കേന്ദ്രം മരവിപ്പിച്ചു. ഇതോടെ, ഈ വിഭാഗത്തിലെ ജീവനക്കാർക്ക് ജോലിയിൽ തുടരാനാകില്ലെന്ന നിലപാട് ബാങ്ക് സ്വീകരിക്കുകയായിരുന്നു. സുപ്രീംകോടതി അനുകൂല നിലപാടെടുത്തതോടെ, എസ്.സി/എസ്.ടി പട്ടികയിൽ നിന്ന് പുറത്തുപോയ കർണാടകയിലെ ഏഴോളം മറ്റ് വിഭാഗങ്ങളിലെ ബാങ്ക് ജീവനക്കാർക്കും വിധിയുടെ പ്രയോജനം ലഭിക്കും.