ന്യൂഡൽഹി: അടുത്ത മാസം 22 മുതൽ യു.എസ് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുഎൻ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കും. ന്യൂയോർക്കിൽ ഇന്ത്യൻ വംശജരുടെ പരിപാടിയിലും പങ്കെടുക്കും.
സെപ്‌തംബർ 24മുതൽ 30വരെ യു.എൻ ജനറൽ അസംബ്ലിയുടെ 79-ാമത് ഭാവി ഉച്ചകോടിയിൽ പങ്കെടുക്കാനാനാണ് പ്രധാനമന്ത്രി പോകുന്നത്. മോദി സെപ്റ്റംബർ 26ന് ജനറൽ അസംബ്ലിയിൽ സംസാരിക്കും. ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തിൽ മനുഷ്യരാശിയുടെ ഭാവി സംരക്ഷിക്കാൻ അന്താരാഷ്ട്ര സമവായം ലക്ഷ്യമിട്ടുള്ള ഉച്ചകോടിയാണിത്. ആഗോള നേതാക്കൾ പങ്കെടുക്കും. ജോ ബൈഡൻ യു.എസ് പ്രസിഡന്റ് പദവിയിൽ യു.എന്നിലെ അവസാന പ്രസംഗവും നടത്തും.
സെപ്‌തംബർ 22ന് ന്യൂയോർക്കിലെ നസാവു വെറ്ററൻസ് മെമ്മോറിയൽ കൊളിസിയത്തിലാണ് പ്രധാനമന്ത്രി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുക. ‘മോദിയും യുഎസും - ഒന്നിച്ചുള്ള മുന്നേറ്റം' എന്ന പരിപാടിക്ക് 24,000ത്തിലധികം ഇന്ത്യൻ പ്രവാസികൾ ഇതുവരെ രജിസ്റ്റർ ചെയ്‌തു. 42 യു. എസ് സംസ്ഥാനങ്ങളിലെ ഇന്ത്യൻ വംശജർ പങ്കെടുക്കുമെന്നാണ് സംഘാടകരായ ഇൻഡോ-അമേരിക്കൻ കമ്മ്യൂണിറ്റി ഓഫ് യു.എസ്.എ പ്രതീക്ഷിക്കുന്നത്. ബിസിനസ്, ശാസ്ത്രം, വിനോദം, കല തുടങ്ങിയ മേഖലകളിലെ പ്രമുഖരുടെ പ്രകടനങ്ങളുമുണ്ടാകും.
2014 സെപ്തംബറിൽ ന്യൂയോർക്കിലെ പ്രശസ്തമായ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോദി നടത്തിയ കമ്മ്യൂണിറ്റി പരിപാടി വൻ വിജയമായിരുന്നു. 2019 സെപ്‌തംബറിൽ, ടെക്സസിലെ ഹൂസ്റ്റൺ എൻ.ആർ.ജി സ്റ്റേഡിയത്തിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ‘ഹൗഡി മോദി’യെന്ന പരിപാടിയും നടത്തി. ട്രംപ് യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമ്പോഴാണ് മോദിയുടെ പുതിയ പരിപാടി.