ന്യൂഡൽഹി : സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹർജിയിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അടിന്തരമായി വാദംകേൾക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുമ്പാകെ ഇന്നലെ സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ആവശ്യമുന്നയിച്ചത്. ഭരണഘടനാ ബെഞ്ചിന് വിട്ട വിഷയമായതിനാൽ ലിസ്റ്റ് ചെയ്യേണ്ടത് ചീഫ് ജസ്റ്റിസാണെന്ന് രജിസ്ട്രാർ അറിയിച്ചുവെന്ന് കപിൽ സിബൽ പറഞ്ഞു. ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനൽകി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവർ നേരത്തെ കപിൽ സിബലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തിന്റെ സ്യൂട്ട് ഹർജി ഏപ്രിൽ ഒന്നിനാണ് ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി.വിശ്വനാഥനും അടങ്ങിയ ബെഞ്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്.