mdoi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്‌തംബർ 3മുതൽ അഞ്ചുവരെ ബ്രൂണെ, സിംഗപ്പൂർ രാജ്യങ്ങൾ സന്ദർശിക്കും. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് ബ്രൂണെ സന്ദർശിക്കുന്നത്. സെപ്‌തംബർ 3,4 തീയതികളിലാണ് ബ്രൂണെ സന്ദർശനം. 4,​5 തിയതികളിൽ സിംഗപ്പൂരിലേക്ക് പോകും. ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ ക്ഷണപ്രകാരമാണ് മോദി ബ്രൂണെ സന്ദർശിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഇന്ത്യയും ബ്രൂണൈയും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം. 1984 മേയ് 10 നാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ സഹകരണം തുടങ്ങിയത്. ബ്രൂണെയിലെ ഇന്ത്യൻ മിഷൻ 1993 മേയ് 18 മുതൽ പ്രവർത്തിച്ചു തുടങ്ങി. ഇരു രാജ്യങ്ങളും പരമ്പരാഗതവും സാംസ്കാരികവുമായ ബന്ധം സൂക്ഷിക്കുന്നതിനൊപ്പം ഐക്യരാഷ്ട്രസഭ, കോമൺവെൽത്ത്, ആസിയാൻ തുടങ്ങിയ കൂട്ടായ്‌മകളിലെ സഹകരണവുമുണ്ട്. ബ്രൂണെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ ക്ഷണപ്രകാരമാണ് മോദി സിംഗപ്പൂരിലേക്ക് പോകുന്നത്. ഇന്ത്യയ്‌ക്കും സിംഗപ്പൂരിനുമിടിയിൽ നിലവിൽ ഡിജിറ്റൽ, നൈപുണ്യ വികസനം, സുസ്ഥിരത, ആരോഗ്യ സംരക്ഷണം, കണക്റ്റിവിറ്റി, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് എന്നിവയിൽ സഹകരണമുണ്ട്. സഹകരണം വിപുലീകരിക്കാനുള്ള ചർച്ചകൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിലുണ്ടാകും.