judge

ന്യൂഡൽഹി: സ്ത്രീകളുടെ അവകാശത്തിനും ശാക്തീകരണത്തിനുമായി ഉറച്ച നിലപാടെടുത്ത ജസ്റ്റിസ് ഹിമ കോഹ്‌ലി നാളെ വിരമിക്കുന്നു. ഇന്നലെ സുപ്രീംകോടതിയിൽ ഊഷ്‌മളമായ യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. തന്റെ ഒഴിവിൽ ഒരു വനിത ജഡ്‌ജിയെ തന്നെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹിമ കോഹ്‌ലി പറഞ്ഞതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. നീതിക്ക് വേണ്ടി ജീവിതം സമർപ്പിച്ച ന്യായാധിപയെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി പ്രകീർത്തിച്ചു. തെലങ്കാന ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ ഒൻപതാമത്തെ വനിത ജഡ്‌ജിയുമാണ് ഹിമ കോഹ്‌ലി. ഡൽഹിയിൽ ജനിച്ചുവളർന്ന ഹിമ കോഹ്‌ലി, ആദ്യം അഭിഭാഷകയും പിന്നീട് ഡൽഹി ഹൈക്കോടതി ജഡ്‌ജിയായും പ്രവർത്തിച്ചു. സുപ്രീംകോടതിയിലെ ആഭ്യന്തര പരാതി സമിതിയുടെ അദ്ധ്യക്ഷയായിരുന്നു.

 പ്രധാന വിധികൾ


1. നാവികസേനയിൽ വനിത ഉദ്യോഗസ്ഥർക്ക് സ്ഥിരകമ്മിഷൻ നിയമനത്തിനായി സെലക്ഷൻ ബോർഡ് രൂപീകരിക്കണമെന്ന് ഉത്തരവിട്ടു

2. വിവാഹം പവിത്രമാണെങ്കിലും ഒരുഭാഗത്തിന് മാത്രം പ്രാധാന്യമെന്ന രീതി അനുവദിക്കാനാകില്ലെന്ന് വിവാഹമോചനക്കേസിൽ നിരീക്ഷിച്ചു

3. ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റ വകുപ്പ് പ്രയോഗിക്കുന്നത് വിലക്കിയ ബെഞ്ചിലെ അംഗം

4. മഹാരാഷ്ട്രയിലെ കാസ്റ്റിംഗ് കൗച്ച് കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

5. പ്രസവാവധി ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമാകരുതെന്ന്, ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെ വിധിച്ചു