kdkdkkd

ന്യൂഡൽഹി: ഒക്ടോബറിൽ ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌.സി.ഒ) യോഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് പാകിസ്ഥാൻ. ക്ഷണത്തോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എസ്‌.സി.ഒയുടെ കൗൺസിൽ ഒഫ് ഹെഡ്സ് ഒഫ് ഗവൺമെന്റ് (സി.എച്ച്.ജി) അദ്ധ്യക്ഷത പാകിസ്ഥാൻ വഹിക്കുന്നതിനാലാണ് യോഗം ഇസ്ലാമാബാദിൽ സംഘടിപ്പിക്കുന്നത്. ഒക്‌ടോബർ 15,​16 തീയതികളിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവന്മാർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ക്ഷണിച്ചതായി പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് അറിയിച്ചു. ചില രാജ്യങ്ങൾ ക്ഷണം സ്വീകരിച്ചെങ്കിലും പങ്കെടുക്കുന്നവരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടിട്ടില്ല. യോഗത്തിനുള്ള ക്ഷണം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ടുകൾ പ്രചരിച്ചത് വിദേശകാര്യ മന്ത്രാലയം തള്ളി. ഇക്കാര്യത്തിൽ ഇന്ത്യ നിലപാട് പരസ്യമാക്കിയിട്ടില്ലെന്നും തെറ്റായ വാർത്തകളിൽ വിശ്വസിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. കഴിഞ്ഞ വർഷം ഇന്ത്യ അദ്ധ്യക്ഷത വഹിച്ച വെർച്വൽ എസ്‌.സി.ഒ യോഗത്തിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുത്തു. 2023 മേയിൽ ഗോവയിൽ നടന്ന എസ്‌.സി.ഒ കൗൺസിൽ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയും പങ്കെടുത്തു. 12 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് അന്ന് പാക് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയത്.

ഇന്ത്യയ്‌ക്ക് തുറന്ന നിലപാട്: ജയശങ്കർ


പാകിസ്ഥാനുമായുള്ള നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ ഇന്ത്യയ്‌ക്ക് തുറന്ന നിലപാടാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്നതിന് അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിലെ സംഭവവികാസങ്ങൾ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ഇന്ത്യ പ്രതികരിക്കും. പാകിസ്ഥാനുമായി എന്ത് തരത്തിലുള്ള ബന്ധമാണ് വേണ്ടതെന്നാണ് വിഷയം. ഇപ്പോഴുള്ള ബന്ധം അതേപടി തുടരുന്നതിൽ ഇന്ത്യ തൃപ്തരാണോ എന്നു ചോദിച്ചാൽ ഒരുപക്ഷേ അതെ, ചിലപ്പോൾ ഇല്ല. പക്ഷേ, നമ്മൾ നിഷ്ക്രിയരല്ല എന്ന് പറയാൻ ആഗ്രഹിക്കുന്നു. സംഭവങ്ങൾ അനുകൂലമോ പ്രതികൂലമോ ആകട്ടെ. നമ്മൾ പ്രതികരിക്കും-ജയശങ്കർ പറഞ്ഞു.