ന്യൂഡൽഹി :1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ മൂന്നുപേരെ കൊലപ്പെടുത്തിയെന്ന സി.ബി.ഐ കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജഗ്‌ദീഷ് ടൈറ്റ്ലർക്കെതിരെ കൊലക്കുറ്റം ചുമത്താൻ റൗസ് അവന്യൂ കോടതി.
ഇതിനുള്ള തെളിവുകൾ പ്രഥമദൃഷ്‌ട്യാ കുറ്രപത്രത്തിലുണ്ടെന്ന് ജഡ്‌ജി രാകേഷ് സിയാൽ നിരീക്ഷിച്ചു. കലാപം, വീടുകൾ ആക്രമിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളും ചുമത്തി. സെപ്‌തംബർ 13ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് കുറ്രം നിഷേധിച്ചാൽ വിചാരണയിലേക്ക് കടക്കും. നിലവിൽ ജാമ്യത്തിലാണ് ടൈറ്ര്‌ലർ.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ കലാപത്തിലാണ് സിഖ് വിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. 1984 നവംബർ ഒന്നിന് ഡൽഹിയിലെ പുൽബൻഗാഷ് ഗുരുദ്വാരയ്‌ക്ക് സമീപം കാറിലെത്തിയ ജഗ്‌ദീഷ് ടൈറ്റ്ലർ കലാപത്തിന് നേതൃത്വം കൊടുത്തെന്നും, കൊലപാതകത്തിന് ആഹ്വാനം ചെയ്‌തെന്നുമാണ് ആരോപണം. താക്കൂർ സിംഗ്, ബാദൽ സിംഗ്, ഗുർചരൺ സിംഗ് എന്നിവർ അവിടത്തെ കലാപത്തിൽ കൊല്ലപ്പെട്ടു. 2023 മേയിലാണ് ടൈറ്റ്ലറെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്.