ന്യൂഡൽഹി: ജെ.എം.എമ്മിൽ നിന്ന് രാജിവച്ച മുതിർന്ന ആദിവാസി നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ചമ്പൈ സോറൻ ബി.ജെ.പിയിൽ ചേർന്നു. റാഞ്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ശിവരാജ് സിഗ് ചൗഹാൻ, അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ജാർഖണ്ഡ് സംസ്ഥാന അദ്ധ്യക്ഷൻ ബാബുലാൽ മറാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പിയിൽ ചേരുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ചമ്പൈ സോറൻ ജെ.എം.എം പ്രാഥമികാംഗത്വം രാജിവച്ചിരുന്നു. ജെ.എം.എം സർക്കാരിന്റെ പ്രവർത്തന ശൈലിയും നയങ്ങളും കാരണമാണ് പാർട്ടി വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിലെ ആദിവാസികൾ, ദളിതർ, പിന്നാക്കക്കാർ, സാധാരണക്കാർ എന്നിവരുടെ വിഷയങ്ങളിൽ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെ.എം.എം കുടുംബം പോലെ ആയിരുന്നുവെന്നും രാജി വയ്‌ക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തത്വത്തിൽ നിന്ന് വ്യതിചലിച്ചതിനാൽ വേദനയോടെ തീരുമാനമെടുക്കേണ്ടി വന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റിന് മുമ്പ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഫെബ്രുവരി രണ്ടിന് ചമ്പൈ സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. എന്നാൽ ഹേമന്ത് സോറൻ ജാമ്യത്തിൽ പുറത്തിറങ്ങിയതോടെ ജൂലായ് മൂന്നിന് മുഖ്യമന്ത്രി പദം രാജിവച്ചു. അതോടെയാണ് പാർട്ടിയുമായി അകന്നതും ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതും. ഇക്കൊല്ലം നിയസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ ആദിവാസി മേഖലകളിൽ ആധിപത്യം നേടാൻ ചമ്പൈ സോറന്റെ സാന്നിധ്യം പ്രയോജനപ്പെടുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.