ന്യൂഡൽഹി: സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അതിവേഗം തീർപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ആശങ്ക ഉയർത്തുന്ന വിഷയമാണ്. കേസുകൾ എത്ര വേഗം തീർപ്പാക്കുന്നോ അത്ര അധികം സുരക്ഷിതത്വം ജനസംഖ്യയുടെ പകുതിക്ക് ഉറപ്പാകുമെന്നും പറഞ്ഞു. ഡൽഹി ഭാരതമണ്ഡപത്തിൽ ജില്ലാ നീതിന്യായ വകുപ്പിന്റെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി സ്ഥാപിതമായതിന്റെ 75-ാം വർഷത്തിന്റെ സ്മരണാർത്ഥം സ്റ്റാമ്പും നാണയവും മോദി പുറത്തിറക്കി.
സ്ത്രീ സുരക്ഷയ്ക്കായി രാജ്യത്ത് കർശന നിയമങ്ങളുണ്ട്. 2019ൽ പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കാൻ സർക്കാർ നടപടിയെടുത്തു. ഇത്തരം കോടതികൾക്ക് കീഴിലെ ജില്ലാ നിരീക്ഷണ സമിതികൾക്ക് ക്രിമിനൽ നീതിന്യായ സംവിധാനത്തിന്റെ വിവിധ വശങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കുണ്ട്. ഈ കമ്മിറ്റികൾ കൂടുതൽ സജീവമാക്കണം.പൗരന് നീതി ലഭിക്കുന്നതിനുള്ള നീതിയുടെ കേന്ദ്രങ്ങൾ സമഗ്രവും ആധുനികവുമായിരിക്കണം.ജില്ലാ കോടതികളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യയും സജ്ജീകരിച്ചാൽ മാത്രമേ അത് സാധ്യമാകൂ. കേസുകൾ തീർപ്പാക്കാനും കേസുകൾ പ്രവചിക്കാനും നിർമ്മിത ബുദ്ധി, ഒപ്റ്റിക്കൽ ക്യാരക്ടർ റെഗനൈസേഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ സഹായിക്കും. പൊലീസ്, ഫോറൻസിക്, ജയിൽ, കോടതി തുടങ്ങി വിവിധ വകുപ്പുകളെ സാങ്കേതികവിദ്യ സമന്വയിപ്പിക്കും. ഭാവിക്ക് സജ്ജമായ ഒരു നീതിന്യായ വ്യവസ്ഥയിലേക്കാണ് നമ്മൾ നീങ്ങുന്നത്.
75 വർഷം: ജനാധിപത്യ
ഇന്ത്യയുടെ യാത്ര
ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ 75 വർഷത്തെ യാത്ര ഭരണഘടനയുടെയും ജനാധിപത്യ ഇന്ത്യയുടെയും യാത്രയാണ്. നീതിന്യായ വകുപ്പ് ജനാധിപത്യത്തിന്റെ സംരക്ഷകരാണ്. ആ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ സുപ്രീംകോടതി പ്രധാന പങ്കു വഹിച്ചു. അടിയന്തരാവസ്ഥയുടെ വിഷമകരമായ സമയങ്ങളിൽ പോലും ഭരണഘടനയെ സംരക്ഷിച്ചു. മൗലികാവകാശങ്ങൾക്കെതിരായ ആക്രമണങ്ങളെ ചെറുത്തു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ചു.
രാഷ്ട്രത്തിന്റെ പരിവർത്തന യാത്രയിൽ അടിസ്ഥാന സൗകര്യ, സാങ്കേതിക മുന്നേറ്റങ്ങൾക്കൊപ്പം നയങ്ങൾക്കും നിയമങ്ങൾക്കും നിർണായക പങ്കുണ്ട്. അതുകൊണ്ടാണ് നിയമ ചട്ടക്കൂടിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തിയത്. പുതിയ സംവിധാനത്തിന്റെ പരിശീലനത്തിന് സുപ്രീംകോടതി നടപടികൾ സ്വീകരിക്കണം. ജഡ്ജിമാരും അഭിഭാഷകരും അതിന്റെ ഭാഗമാകണം. പുതിയ സംവിധാനം ജനങ്ങളെ പരിചയപ്പെടുത്തുന്നതിൽ അഭിഭാഷകർക്കും ബാർ അസോസിയേഷനുകൾക്കും സുപ്രധാന പങ്കുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആർ. ഗവായ്, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ, ബാർ കൗൺസിൽ ഇന്ത്യ ചെയർമാൻ മന്നൻ കുമാർ മിശ്ര തുടങ്ങിയവർ പങ്കെടുത്തു.