വൈപ്പിൻ:ചെറായി ശ്രീ ഗൗരീശ്വരക്ഷേത്രത്തിൽ രാമായണ മാസത്തിൽ ഗജസേന ആനപ്രേമി സംഘം നടത്തി വരുന്ന ആനയൂട്ട് 11 ന് രാവിലെ 5 ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യസമേത പ്രത്യക്ഷ ഗണപതി ഹോമത്തോടെ ആരംഭിക്കും. ക്ഷേത്രം തന്ത്രി രാകേഷ് , മേൽശാന്തി എം.ജി. രാമചന്ദ്രൻ എന്നിവർ കാർമ്മികത്വ നൽകും. തുടർന്ന് 7.30 ന് ക്ഷേത്രസന്നിധി യിൽ വച്ച് ഗജപൂജയ്ക്ക് ശേഷം 14 ഗജരാജറാണികൾക്ക് ആനയൂട്ട് നൽകും.
ഈ വർഷവും ശ്രീ ഗുരുവായൂരപ്പന്റെ മൂന്നു ആനകൾ ചെറായി ആനയൂട്ടിൽ പങ്കെടുക്കും. ഹൈബി ഈഡൻ എം. പി, കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ. ഗുരുവായൂർ ദേവസ്വം അംഗങ്ങളായ വി. ജി. രവീന്ദ്രൻ, വിശ്വനാഥൻ,ഗുരുവായൂർ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ മായാദേവി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ തുടങ്ങിയവർ പങ്കെടുക്കും. സുരക്ഷയ്ക്കായി എലിഫന്റ് സ്കോഡ്, ഡോക്ടർമാർ, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ, മുനമ്പം പൊലീസ് എന്നിവർ സ്ഥലത്തുണ്ടാകും. ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ചെറായി ഗജസേന ആനപ്രേമി സംഘം പ്രസിഡന്റ് ഒ. എസ്. അഭിലാഷ്, വൈസ് പ്രസിഡന്റ് പി.അനിൽ,ജോ.സെക്രട്ടറി പി.എ. അനിൽകുമാർ,എക്‌സിക്യുട്ടീവ് അംഗം ഭജേഷ് ഭരതൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.