കൊച്ചി: കെട്ടിടനി‌‌ർമ്മാണച്ചട്ടം ലംഘിച്ച് അനധികൃതമായി നടപ്പാതകളിലേക്ക് ഇറക്കിനിർമ്മിച്ച കച്ചവട സ്ഥാപനങ്ങളുടെ മുൻഭാഗം പൊളിച്ചുനീക്കാൻ കർക്കശ നടപടിയുമായി കൊച്ചി കോർപ്പറേഷൻ. കെട്ടിടവും നടപ്പാതകളും തമ്മിൽ മൂന്നുമീറ്റർ അകലം വേണമെന്നിരിക്കെ അനധികൃതമായി കടകൾ മുന്നോട്ടിറക്കി നിർമ്മിച്ച നൂറുകണക്കിന് കടകൾ നഗരത്തിലുണ്ട്. ഫുട്പാത്തിൽ നിന്നുവേണം ചില കടകളിൽ ഇടപാടുകൾ നടത്താൻ.

ഇത്തരം കടകൾക്കെതിരെ നടപടി എടുത്തുതുടങ്ങി. ഇതിന്റെ ഭാഗമായി അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റണമെന്ന് കാണിച്ച് കോർപ്പറേഷൻ കത്തുനൽകും. നിശ്ചിതസമയത്തിനുള്ളിൽ ഇവ മാറ്റിയില്ലെങ്കിൽ കോ‌ർപ്പറേഷന്റെ നേതൃത്വത്തിൽ ഇവ പൊളിച്ചുമാറ്റും.

നഗരത്തിൽ എം.ജി റോഡ് അടക്കമുള്ള പലപ്രദേശങ്ങളിലും ഇത്തരത്തിൽ അനധികൃതമായി സ്ഥലങ്ങൾ കൈയേറിയിട്ടുണ്ട്. കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടി. നിലവിൽ ഫുട്പാത്ത് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിയാണ് നടക്കുന്നത്. ഇത് മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. നടപ്പാതകളിലേക്ക് ഇറക്കിവച്ച ബോ‌ർഡുകൾ, പടിക്കെട്ടുകൾ, ഇറക്കിവച്ചിട്ടുള്ള സാധനങ്ങൾ എന്നിവയാണ് അധികൃതർ ഒഴിപ്പിക്കുന്നത്. പല സ്ഥലങ്ങളിലും കച്ചവടക്കാർ അധികൃതരോട് കയർക്കുന്ന സന്ദർഭങ്ങളും ഉണ്ടായി. നടപ്പാത കൈയേറ്റങ്ങൾ ഒഴിപ്പിച്ചശേഷം അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള നടപടികൾ ആരംഭിക്കുമെന്ന് കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗം അധികൃതർ അറിയിച്ചു. കൊച്ചി നഗരത്തിലും കോർപ്പറേഷൻ പരിധിയിലുമായി നൂറിലേറെ കച്ചവടസ്ഥാപനങ്ങൾ ഇത്തരത്തിൽ അനധികൃതമായി സ്ഥലം കൈയേറിയിട്ടുണ്ട്. നടപ്പാതകളിൽനിന്ന് സാധനം വാങ്ങണമെന്ന രീതിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

* കൈയേറ്റമുള്ള സ്ഥലങ്ങൾ

ചിറ്റൂർറോഡ്, എം.ജി റോഡ്, കടവന്ത്ര, വൈറ്റില, കച്ചേരിപ്പടി, ഇടപ്പള്ളി, ചങ്ങമ്പുഴപാർക്ക്, കലൂർ.

നിരവധി പരാതികൾ ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്നുണ്ട്. കിട്ടുന്ന പരാതികൾക്ക് ഉടൻതന്നെ നടപടി എടുക്കുന്നുണ്ട്. വിപുലമായ രീതിയിൽ നടപടികൾ ഉണ്ടാവും.

സനിൽമോൻ. ജെ

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

നഗരാസൂത്രണം

കൊച്ചിയിൽ വ്യാപകമായി കച്ചവടക്കാർ ഫുട്പാത്തും പൊതുസ്ഥലങ്ങളും കൈയടക്കുന്നതിനെതിരെ കർക്കശ നടപടിവേണം. പൗരബോധമില്ലാത്ത ഇത്തരം വ്യാപാരികളോട് സൗമനസ്യം പാടില്ല. വഹനങ്ങൾ ഫുട്പാത്തിൽ കയറ്റി പാർക്ക് ചെയ്യുന്നവരും ഒട്ടേറെയുണ്ട്. ഇവർക്കെതിരെയും നടപടിക്ക് പൊലീസും കോർപ്പറേഷനും തയ്യാറാകണം. അനധികൃത നിർമ്മാണവും ഫുട്പാത്ത് കൈയേറ്റങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടായാലേ ഈ പ്രവണത അവസാനിക്കൂ.

വി.ജി. ശിവദാസ്,

ഇടപ്പള്ളി