മട്ടാഞ്ചേരി: കൊച്ചി നഗരത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ചുമതല കൊച്ചിൻ സ്മാർട്ട് മിഷനെ ഏൽപ്പിച്ചതോടെ നഗരത്തിൽ മിക്കവാറും തെരുവുവിളക്കുകൾ തെളിയാത്ത സ്ഥിതിയായെന്ന് കൗൺസിലർമാരുടെ പരാതി. പോസ്റ്റുകളിൽ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്ന സി.എസ്.എം.എൽ പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ഡിവിഷനുകളിലെ തെരുവുവിളക്ക് തെളിക്കാൻ ഇവരുടെ മുന്നിൽപ്പോയി നിൽക്കേണ്ട അവസ്ഥയാണെന്ന് കൗൺസിലർ എം.എച്ച്.എം അഷറഫ് ആരോപിച്ചു. ഡിവിഷനുകളിൽ കൗൺസിലർമാരുമായി ചർച്ച ചെയ്യാതെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നഗരസഭ മുൻപ് സ്ഥാപിച്ച ജി.ഐ പോസ്റ്റുകൾ നോക്കുകുത്തിയായി മാറി. ഈ പോസ്റ്റുകളിൽ വിളക്കുകൾ സ്ഥാപിക്കാനാവില്ലെന്ന നിലപാടിലാണ് ഇവർ. വിളക്കുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താൻ കരാറുകാർക്ക് കഴിയുന്നില്ല. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കരാർ കമ്പനിക്ക് ഈ ചുമതല നൽകിയതിൽ ദുരൂഹത ഉണ്ടെന്നും അഷറഫ് ആരോപിച്ചു.
പ്രശ്നപരിഹാരത്തിന് സി.എസ്.എം.എൽ, കെ.എസ്.ഇ.ബി പ്രതിനിധികളുടെയും കൗൺസിലർമാരുടെയും യോഗം വിളിച്ചു കൂട്ടണമെന്നും അഷറഫ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കെ.ജെ മാക്സി എം.എൽ.എ, മേയർ എന്നിവർക്ക് പരാതി നൽകി.