കൊച്ചി: ആറ് പതിറ്റാണ്ടുമുമ്പ് നാടകപ്രേമികളെ വിസ്‌മയിപ്പിച്ച കലാനിലയം സ്ഥിരം നാടകവേദി ആധുനിക സാങ്കേതിക വിദ്യകളുമായി മടങ്ങിയെത്തുന്നു. ഏരീസ് ഗ്രൂപ്പുമായി സഹകരിച്ച് കൊടുങ്ങല്ലൂരിൽ ഓണത്തിന് പ്രദർശനം ആരംഭിക്കും. 'രക്തരക്ഷസ്' (ആദ്യഭാഗം) ആണ് തുടക്കം.
10,000 ചതുരശ്ര അടി സമുച്ചയത്തിൽ 800 ഇരിപ്പിടമുണ്ട്. കലാനിലയം കൃഷ്ണൻനായർ ടീം അവതരിപ്പിച്ച 'രക്തരക്ഷസ്' ഡോൾബി അറ്റ്മോസ് ശബ്ദമികവിലാണ് വീണ്ടും അരങ്ങിലെത്തുന്നത്. രക്തരക്ഷസിലെ ഒരു ഡയലോഗിലെ നിഗൂഢതകളുമായി രണ്ടാംഭാഗവും വരും. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും നാടകം അരങ്ങിലെത്തും. രാരാ രാക്ഷസരാത്രി എന്ന പേരിൽ രക്തരക്ഷസ് തമിഴിൽ അവതരിപ്പിച്ചിരുന്നു. 150ൽപ്പരം സ്ഥിരം കലാകാരന്മാർ ഉണ്ടാകും.
സ്ഥിരം തിയേറ്റർ തിരുവനന്തപുരത്ത്
റിഹേഴ്സലിനാണ് കൊടുങ്ങല്ലൂരിലെ തിയേറ്റർ. ഇതിനടുത്താണ് കലാനിലയത്തിന്റെ സ്ഥാപകരിൽ ഒരാളായ അമ്മിണി അമ്മയുടെ തറവാട്. വൈകാതെ തിരുവനന്തപുരത്ത് സ്ഥിരം തിയേറ്റർ വരും. എറണാകുളം, തൃശൂർ, കോഴിക്കോട് നഗരങ്ങളിലും സ്ഥാപിക്കും. ചെറിയ സിനിമാ തിയേറ്ററുകൾ നാടകശാലകളാക്കാൻ താത്പര്യമുള്ളവരെ സഹായിക്കുമെന്നും കൃഷ്ണൻനായരുടെ മകൻ അനന്ത പദ്മനാഭൻ പറഞ്ഞു.
മൂന്നാംവരവ്
1963ലാണ് കൃഷ്ണൻ നായരും ഭാര്യ കൊടുങ്ങല്ലൂർ അമ്മിണി അമ്മയും ചേർന്ന് കലാനിലയം സ്ഥിരം നാടകവേദി സ്ഥാപിച്ചത്. ജഗതി എൻ.കെ. ആചാരിയും ചേർന്നു. 1980ൽ കൃഷ്ണൻ നായരുടെ മരണത്തെത്തുടർന്ന് നിറുത്തി. 2003ൽ അനന്ത പദ്മനാഭനും ജഗതി ശ്രീകുമാറും ചേർന്ന് കലാനിലയം ഡ്രാമ വിഷൻ എന്ന പേരിൽ പുനരുജ്ജീവിപ്പിച്ചെങ്കിലും സജീവമായില്ല. 2012ൽ ജഗതി ശ്രീകുമാറിനുണ്ടായ കാറപകടം തിരിച്ചടിയായി. 2015ൽ അനന്തപദ്മനാഭൻ കലാനിലയം സ്റ്റേജ്ക്രാഫ്റ്റ് എന്ന ബാനറിൽ സിനിമയുടെ ആധുനിക ദൃശ്യ ശ്രവ്യ സങ്കേതങ്ങളുമായി ഹിഡിംബി നാടകം അവതരിപ്പിച്ചിരുന്നു. അനന്തപദ്മനാഭന്റെ മകൾ ഗായത്രി ഗോവിന്ദ് ആണ് ഹിഡിംബിയായി അഭിനയിച്ചത്.
''നാടകപ്രവർത്തകർക്ക് മാന്യമായ ജീവിതം നൽകി പുതുതലമുറയെ ആകർഷിക്കുകയാണ് ഏരീസ് കലാനിലയത്തിന്റെ ലക്ഷ്യം."
- സോഹൻ റോയി, ഏരീസ് ഗ്രൂപ്പ് ചെയർമാൻ
''ശബ്ദവും വെളിച്ചവും പുതിയ പാറ്റേണിലായിരിക്കും. ത്രീ ഡി അനിമേഷനിൽ കൂടുതൽ വിസ്‌മയകരമാക്കും. തിരുവനന്തപുരത്തെ നാടകശാലയിൽ എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും''
- കലാനിലയം അനന്ത പത്മനാഭൻ