
കൊച്ചി: പുതിയ അദ്ധ്യയന വർഷം തന്നെ ശമ്പളം മുടങ്ങിയതോടെ പാചക തൊഴിലാളികൾ പ്രതിസന്ധിയിൽ. ജൂൺ ശമ്പള വിതരണം ആരംഭിച്ചത് ജൂലായ് അവസാനം. ഇത് മുഴുവൻ പേർക്കും ലഭിച്ചതുമില്ല. അവധിക്കാലങ്ങളിൽ നാലായിരം രൂപ അലവൻസിലാണ് കുടുംബം പോറ്റിയത്.
കേന്ദ്രനിയമ പ്രകാരം 1000 രൂപയാണ് പ്രതിമാസ ഓണറേറിയം. 600 രൂപ കേന്ദ്രവും 400 രൂപ സംസ്ഥാനവും നൽകണം. എന്നാൽ 22 ദിവസം ജോലി ചെയ്താൽ ദിവസം 600 രൂപ നിരക്കിൽ 13200 രൂപ സംസ്ഥാനം നൽകുന്നുണ്ട്. കേന്ദ്ര നിയമപ്രകാരമുള്ള 1000 രൂപ ഉൾപ്പെടെയാണിത്.
തമിഴ്നാട്ടിൽ സ്കൂളുകളിൽ ഒരു ഓർഗനൈസർ, കുക്ക്, കുക്ക് അസിസ്റ്റന്റ് എന്നിങ്ങനെയാണ് തസ്തിക. സംസ്ഥാനത്തും ഈ രീതി അവലംബിക്കണമെന്നാണ് ആവശ്യം.
തമിഴ്നാട്ടിൽ 1,28,210 തൊഴിലാളികൾക്ക് പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവ നൽകുമ്പോൾ കേരളത്തിൽ തൊഴിലാളികൾക്ക് യാതൊരു ആനുകൂല്യങ്ങളുമില്ല.
500 കുട്ടികൾക്ക് ഒരു തൊഴിലാളി
500 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളിയെന്നതാണ് കണക്ക്. 150ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ആഹാരം ഉണ്ടാക്കാൻ ഓരാളെക്കൊണ്ട് സാധിക്കില്ല. ജോലിഭാരം കുറയ്ക്കാൻ പാചകത്തൊഴിലാളികൾ തന്നെ ശമ്പളത്തിന്റെ പകുതി നൽകി സഹായിയെ നിയമിക്കും.
ആനുകൂല്യങ്ങൾ
വാഗ്ദാനങ്ങളിൽ മാത്രം
തൊഴിലാളികൾക്ക് പല ആനുകൂല്യങ്ങളും സർക്കാരുകൾ വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല. ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ ഇല്ല. മിനിമം വേതന വിജ്ഞാപനം 2016ൽ ഇറക്കിയെങ്കിലും പിന്നീട് ഒഴിവാക്കി. മിനിമം വേതനത്തിൽ കൂടുതൽ ശമ്പളമുണ്ടെന്നായിരുന്നു കാരണം.
വലിയ തൊഴിൽഭാരം
ചോറിനൊപ്പം പലതരം കറികൾ വേണം. മുട്ടയും പാലും വിഭവങ്ങളിൽപ്പെടും. 500 പേർക്കുള്ള മുട്ട നന്നാക്കി എടുക്കുന്നതിന് തന്നെ മണിക്കൂറുകൾ വേണം. വലിയ പാത്രങ്ങളിൽ ആഹാരം പാകം ചെയ്യുന്നതിനാൽ ഇവ കഴുകി എടുക്കാനും ബുദ്ധിമുട്ടാണ്.
ആകെ തൊഴിലാളികൾ- 13553
(ഔദ്യോഗിക കണക്ക് പ്രകാരം)
നിലവിൽ ജോലി ചെയ്യുന്നവർ 20000ൽ അധികം
ദിവസശമ്പളം- 600
ഉത്സവബത്ത- 1300
അവധിക്കാല അലവൻസ്- 2000
തമിഴ്നാട്ടിൽ പാചകതൊഴിലാളികൾക്ക് പാർട് ടൈം പെർമനെന്റ് പദവിയാണ്. ഇവർക്ക് സർക്കാർ ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളുമുണ്ട്. അർഹമായ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സെപ്തംബറിൽ എല്ലാ ഡി.ഡി.ഇ ഓഫീസുകളിലും തൊഴിലാളികൾ മാർച്ച് നടത്തും
പി.ജി. മോഹനൻ
സംസ്ഥാന ജനറൽ സെക്രട്ടറി (എ.ഐ.ടി.യു,സി)
സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ