വൈപ്പിൻ: യാത്രക്കാരെ ദുരിതത്തിലാക്കി മുനമ്പം - അഴീക്കോട് ഫെറി സർവീസ് നിലച്ചിട്ട് രണ്ടാഴ്ചയാകുന്നു. മുനമ്പം അഴീക്കോട് പാലം നിർമ്മാണം നടക്കുന്നതിനാലാണ് സർവീസ് നിർത്തിവയ്‌ക്കേണ്ടി വന്നത്. നിർമ്മാണ സ്ഥലത്തുനിന്ന് മാറി മറ്റൊരിടത്ത് ബോട്ട് അടുപ്പിക്കാൻ കഴിഞ്ഞാൽ മാത്രമെ സർവീസ് പുനരാരംഭിക്കാൻ കഴിയൂ. ഫെറി സർവീസിന്റെ ചുമതലയുള്ള തൃശ്ശൂർ ജില്ലാപഞ്ചായത്ത് ബോട്ട് അടുപ്പിക്കാൻ കഴിയുന്ന മറ്റൊരു സ്ഥലം തേടുന്നുണ്ട്. സ്ഥലം ലഭിച്ചാലും അവിടെ ജെട്ടി നിർമ്മിക്കേണ്ടിവരും. എന്നാൽ പാലം പണി പൂർത്തിയാകുന്നതുവരെ മാത്രമേ ഫെറി സർവീസ് ആവശ്യമായി വരികയുള്ളൂ. ഈ സാഹചര്യത്തിൽ വൻതുക ചെലവിട്ട് ജെട്ടി നിർമ്മിക്കാനുള്ള സാദ്ധ്യത കുറവാണ്.
നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും ഇപ്പോൾ മാല്യങ്കര വഴി മൂത്തകുന്നം ചുറ്റിക്കറങ്ങിയാണ് ഇപ്പോൾ മറുകരയെത്തുന്നത്. ചെലവ് കുറഞ്ഞ ജെട്ടി നിർമ്മിച്ച് സർവീസ് പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.