പെരുമ്പാവൂർ: മൂന്നര പതിറ്റാണ്ടുകാലമായി വേണ്ട നവീകരണ പ്രവർത്തികൾ നടത്താത്തതുമൂലം കുണ്ടും കുഴിയുമായി മാറിയ ഓണംകുളം - ഊട്ടിമറ്റം റോഡ് സഞ്ചാരയോഗ്യമാക്കാൻ പ്രഖ്യാപനങ്ങളല്ല പ്രവർത്തിയാണ് വേണ്ടതെന്ന് വെങ്ങോല സ്വാശ്രയ മലയാളി റസിഡന്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. റോഡ് നവീകരണത്തിനായി ഏഴ് കോടി രൂപയുടെ പദ്ധതി സമർപ്പിച്ചതായി എം.എൽ.എയുടെ പേരിൽ വന്ന വാർത്ത ജനരോഷത്തെ തണുപ്പിക്കാൻ മാത്രമാണ്. കുഴികളും വെള്ളക്കെട്ടുകളും മൂലം ഇതുവഴിയുള്ള ബസ് സർവീസ് മറ്റൊരു വഴിയിലൂടെയാക്കി. നവകേരള സദസിൽ മുൻ പഞ്ചായത്ത് അംഗം ശിവൻകദളി സമർപ്പിച്ച പരാതിയിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനിയർ നൽകിയ മറുപടിയിൽ റോഡിന്റെ 4.15 കി.മീറ്റർ ഭാഗം ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് ചെയ്യുന്നതിനായി ഏഴ് കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നതായി അറിയിച്ചിരുന്നതാണ്. ഈ അറിയിപ്പിന്റെ ആവർത്തനം മാത്രമാണ് എം.എൽ.എ യുടെ പുതിയ പ്രഖ്യാപനം.
നടപടിയുണ്ടായില്ലെങ്കിൽ സമര പരിപാടിയുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു. സി.എസ്. സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സന്തോഷ് വർഗീസ്, ശിവൻകദളി, പി.എ. മുരളി.കെ. വേലായുധൻ എന്നിവർ സംസാരിച്ചു.