കുറുപ്പംപടി: വേങ്ങൂർ പഞ്ചായത്തിലെ കൈപ്പിള്ളി വാർഡിൽ നിർമ്മാണം ആരംഭിച്ച പശ കമ്പനിക്കെതിരെ വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപനം നടത്തി. കമ്പനി പ്രവർത്തനം ആരംഭിച്ചാൽ അതിഭീകരമായ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുമെന്നും മാരകരോഗങ്ങൾക്ക് കാരണമാകുമെന്നുമുള്ള നാട്ടുകാരുടെ ആശങ്കയെ തുടർന്നാണ് സമരപ്രഖ്യാപനം. വനമേഖലയോട് ചേർന്ന് കിടക്കുന്നതും ഇതുവരെ മാലിന്യ-മലിനീകരണ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത വേങ്ങൂർ പഞ്ചായത്തിലാണ് പ്ലൈവുഡ് പശ കമ്പനി ആരംഭിക്കുന്നത്.
വന്യജീവി ശല്യം മൂലം ജനങ്ങൾ ഒഴിഞ്ഞുപോകുന്ന ഭൂമി ചെറിയ വിലയ്ക്ക് കൈക്കലാക്കിയാണ് പ്ലൈവുഡ് പശക്കമ്പനി മാഫിയ വേങ്ങൂരിൽ കാലുറപ്പിക്കുന്നത്. ഇവർക്ക് പിന്നാലെ നിരവധി പശക്കമ്പനികൾ വേങ്ങൂരിലെത്തുമെന്ന ഭീതിയുമുണ്ട്. നിർമ്മാണ പ്രവർത്തനം തുടങ്ങിയ പശ കമ്പനി സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന് കാണിച്ച് വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊമ്പനാട് വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.
മാരക രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് പശക്കമ്പനിക്ക് ബിൽഡിംഗ് പെർമിറ്റിന് നൽകിയ വേങ്ങൂർ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്കെതിരെ വേങ്ങൂർ പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് ഓഗസ്റ്റ് 5ന് രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ചും ഉപരോധവും നടത്തും. സമരപ്രഖ്യാപനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റിജു കുര്യൻ അദ്ധ്യക്ഷനായി. പെരുമ്പാവൂർ നിയോജക മണ്ഡലം കൺവീനർ ഒ. ദേവസി, ഡി.സി.സി ജനറൽ സെക്രട്ടറി ബേസിൽ പോൾ, റെജി ഇട്ടൂപ്പ്, റോയി വർഗീസ്, എന്നിവർ സംസാരിച്ചു.