മൂവാറ്റുപുഴ: വയനാട്ടിലെ ദുരന്തബാധിതർക്ക് ഗ്രന്ഥശാല പ്രവർത്തകർ കൈത്താങ്ങാകും. താലൂക്കിലെ ഓരോ ഗ്രന്ഥശാലയും പരമാവധി തുക സമാഹരിച്ച് 15നകം താലൂക്ക് ലൈബ്രറി കൗൺസിലിൽ എത്തിക്കണമെന്ന് പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ.ഉണ്ണി എന്നിവർ ആവശ്യപ്പെട്ടു. സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേണ്ടി ജില്ലാ കളക്ടർ ഏറ്റുവാങ്ങും. ദുരന്ത ഭൂമിയെ കൈപിടിച്ചുയർത്തുവാൻ അക്ഷര സ്നേഹികളായ ഗ്രന്ഥശാല പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.