pbvr

പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം അപകട ഭീഷണിയും ദുരിതവും പേറി കനാൽ പുറമ്പോക്കിലെ ഏഴ് കുടുംബങ്ങൾ. ചുറ്റും കാടുപിടിച്ച് ഈ വീടുകൾ കാണാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇഴജന്തുക്കളുടെ ശല്യം കാരണം പകൽപോലും പുറത്തിറങ്ങാൻ പറ്റുന്നില്ല. വീടുകളോട് ചേർന്നു നിൽക്കുന്ന വൻ മരങ്ങൾ ഏത് നിമിഷവും മറിഞ്ഞുവീഴാം. സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ച അവസ്ഥയിൽ കനത്ത കാറ്റിലും മഴയിലും ഈ മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിൽ വീണ് വലിയൊരു അപകടം ഉണ്ടാകുന്ന സാദ്ധ്യത വളരെയേറെയാണ്. വയനാട്ടിലെ ദുരിതത്തിന് മുന്നിൽ സംസ്ഥാനം വിറങ്ങലിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഈ ഏഴ് കുടുംബങ്ങളും ഏറെ ഭയത്തിലും ആശങ്കയിലുമാണ് ഓരോ ദിനവും കഴിഞ്ഞുകൂടുന്നത്. വാർഡ് കൗൺസിലർ അടക്കമുള്ള ജനപ്രതിനിധികൾക്കും പി.ഡബ്ല്യു.ഡി അധികൃതർക്കും നിരവധി പരാതികൾ നൽകിയിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ല.

ദയനീയ ജീവിതം നയിക്കുന്ന ഈ വീടുകളിലുള്ളവരെ ഒരു ദുരന്തത്തിലേക്ക് തള്ളിവിടരുത്. അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണം

ടി.എം. നസീർ

ജില്ല കമ്മിറ്റി അംഗം

ചുമട്ട് തൊഴിലാളി യൂണിയൻ

സി.ഐ.ടി.യു