ജീവനക്കാരനെ സ്ഥലംമാറ്റി
കൊച്ചി ദേവസ്വം ബോർഡ്
കൊച്ചി: എറണാകുളം നഗരത്തോടുചേർന്ന പ്രമുഖ ക്ഷേത്രത്തിലെ ജീവനക്കാരന്റെ ഭാര്യയുമായി അർദ്ധരാത്രി ഒളിച്ചോടാനുള്ള ഉപദേശകസമിതി സെക്രട്ടറിയുടെ ശ്രമം പൊളിഞ്ഞു. യുവതിയുടെ ഭർത്താവ് കൈയോടെ പിടിച്ചപ്പോൾ സെക്രട്ടറിക്ക് പൊതിരെ തല്ലുംകിട്ടി. ഉപദേശകസമിതി അടിയന്തര യോഗംചേർന്ന് സെക്രട്ടറിയെ പുറത്താക്കി. ജീവനക്കാരനെ സ്ഥലംമാറ്റി.
പുതിയ സെക്രട്ടറിയായി മറ്റൊരു കമ്മിറ്റിഅംഗത്തെ തീരുമാനിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ അംഗീകാരത്തിന് തീരുമാനം സമർപ്പിക്കുമെന്ന് സമിതി പ്രസിഡന്റ് പറഞ്ഞു. ഇതുസംബന്ധിച്ച് സമിതിയുടെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ഓഫീസർ പറഞ്ഞു.
ജൂലായ് അവസാനമാണ് സംഭവം. ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിലായിരുന്നു ജീവനക്കാരനും ഭാര്യയും താമസിച്ചിരുന്നത്. താലിമാല ഉൗരി ഭർത്താവിന് കത്തും മേശപ്പുറത്ത് വച്ചാണ് ഭാര്യ മുങ്ങാൻ ശ്രമിച്ചത്. ഭർത്താവ് യാദൃച്ഛികമായി ഉറക്കമുണർന്ന് ഭാര്യയെ അന്വേഷിച്ചപ്പോൾ പുറത്തെ വഴിയിൽ കാമുകനെ കാത്തുനിൽക്കുന്നതാണ് കണ്ടത്. ഓടിയെത്തിയപ്പോഴേക്കും കാമുകൻ യൂബർ ടാക്സിയുമായി വന്നു. ഒളിച്ചോട്ടശ്രമവും അടിപിടിയും അടിമുടി സി.സി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന. രാത്രി തന്നെ മാതാപിതാക്കളെ വിളിച്ചുവരുത്തി യുവതിയെ അവർക്കൊപ്പം വിട്ടു. കാമുകനായ സമിതി സെക്രട്ടറി തിരുവനന്തപുരത്തേക്ക് മുങ്ങി. ഇവിടെ ഒരു ഐ.ടി കമ്പനിയിലാണ് ഇയാൾക്ക് ജോലി.
ഭാര്യയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് പിറ്റേന്ന് ക്ഷേത്രജീവനക്കാരൻ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. ദമ്പതികൾക്ക് കുട്ടികളില്ല. 40കാരനായ കാമുകന് ഭാര്യയും കുഞ്ഞുമുണ്ട്.