കളമശേരി: എച്ച്.എം.ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ രൂപം നൽകിയ ഗതാഗതപരിഷ്‌കാരം നടപ്പാക്കുന്നത് നീട്ടിവച്ചു. പരിഷ്‌കാരം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി എച്ച്.എം.ടി ജംഗ്ഷനിലും സമീപത്തുമായി നടത്തേണ്ട റോഡ് അറ്റകുറ്റപ്പണികളും ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും മഴ മൂലം പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്.
ആഗസ്റ്റ് നാലുമുതൽ ഗതാഗത ക്രമീകരണം നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയശേഷം കഴിയുന്നത്ര വേഗത്തിൽ പുതിയ ക്രമീകരണം നടപ്പിലാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
മന്ത്രിമാരായ പി. രാജീവ്, കെ.ബി. ഗണേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചശേഷമാണ് പുതിയ ഗതാഗത ക്രമീകരണത്തിന് രൂപംനൽകിയത്. ഒരു ഭാഗത്തേക്കുള്ള ഗതാഗതം ഒറ്റവരിയായി മാത്രം ചുരുക്കി ഗതാഗതക്കുരുക്ക് അഴിക്കാനാണ് തീരുമാനം. മഴയെത്തുടർന്ന് വിവിധ വകുപ്പുകൾ പൂർത്തിയാക്കേണ്ട മുന്നൊരുക്കത്തിന് സമയമെടുക്കും. അതുവരെ പരിഷ്‌കാരം നടപ്പാക്കുന്നത് നീട്ടിവയ്ക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
പാർക്കിംഗ് നിരോധിച്ചു
എച്ച്.എം.ടി ജംഗ്ഷനിൽനിന്ന് കളമശേരി മെഡിക്കൽ കോളേജിലേക്കുള്ള റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ മോട്ടോർവാഹന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ. മനോജ് അറിയിച്ചു.