പെരുമ്പാവൂർ: ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമയായ നാഗഞ്ചേരി വാസുദേവൻ നമ്പൂതിരി ഓർമ്മയായി 5 വർഷം പിന്നിട്ടിട്ടും ഒരു സ്മാരകം ഉയരാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വാസുദേവൻ നമ്പൂതിരിക്ക് സ്വന്തം നാട് അർഹിക്കുന്ന പരിഗണന നൽകിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. തിരുവന്തപുരം സെക്രട്ടറിയേറ്റ് ഇരിക്കുന്ന ഭൂമി പാട്ടമായിട്ടാണ് വാസുദേവൻ നമ്പൂതിരി സർക്കാരിന് കൈമാറിയത്. പറവൂർ മുതൽ കന്യാകുമാരി വരെ 186 ദേശങ്ങളിലായി 15000 ഹെക്ടർ വസ്തുവകകളും പതിനാറോളം ക്ഷേത്രങ്ങളും ഏകദേശം 800 കിലോഗ്രാം സ്വർണശേഖരവും ഒട്ടനവധി ചരിത്രരേഖകളും സർക്കാരിനും പൊതുജനങ്ങൾക്കുമായി വിട്ടു നൽകിയ ഈ ചരിത്രപുരുഷന് സ്വന്തം നാടായ പെരുമ്പാവൂർ ഇരിങ്ങോളിൽ ഒരു സ്മാരകം എന്ന ആവശ്യമാണ് ഉയരുന്നത്. 700 വർഷങ്ങൾക്കു മുമ്പ് പണികഴിപ്പിച്ച നാഗഞ്ചേരി മന ഇരിങ്ങോൾ കാവിനോട് ചേർന്ന് 2ഏക്കർ 30 സെന്റിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ കീഴിലാണ് ഈ മന.

2019 ജൂലൈ 26ന് 107-ാം വയസിലാണ് വാസുദേവൻ നമ്പൂതിരി വിടവാങ്ങിയത്. അതും അല്ലപ്രയിലുള്ള മകന്റെ കേവലം 5 സെന്റിലെ കൂരയ്ക്കുള്ളിൽ.


പെരുമ്പാവൂർ നഗരസഭയുടെ കീഴിലുള്ള നാഗഞ്ചേരി മനക്ക് വാസുദേവൻ നമ്പൂതിരിയുടെ പേരു നൽകണം. അദ്ദേഹത്തിന്റെ പൂർണകായ പ്രതിമയും നിർമ്മിക്കണം. അദ്ദേഹത്തെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കുന്ന തരത്തിൽ ഒരു ചരിത്രസ്മാരകം നിർമ്മിക്കുവാൻ നഗരസഭാ കൗൺസിൽ തയ്യാറാകണം.

എം.എസ്. സുനിൽകുമാർ,

രക്ഷാധികാരി

മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രം

ഇരിങ്ങോൾ