കൊച്ചി: കോടതി നടപടികളുടെ ലൈവ് സ്ട്രീമിംഗിന് ഹൈക്കോടതി ഐ.ടി ടീമിന്റെ നേതൃത്വത്തിൽ സ്വന്തം ആപ്ലിക്കേഷൻ തയ്യാറാക്കി. ഇന്നലെ ഇതുവഴി ഫുൾകോർട്ട് സിറ്റിംഗിന്റെ ലൈവ് സ്ട്രീമിംഗ് നടത്തി. നടപടികൾ റെക്കാഡ് ചെയ്ത് ഓൺലൈനിൽ സ്ഥിരമായി ലഭ്യമാക്കും.
ചേർത്തല ഇൻഫോപാർക്കിലെ ടെക്ജെൻഷ്യ കമ്പനി വികസിപ്പിച്ചതാണ് പുതിയ ആപ്ലിക്കേഷൻ. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഫുൾബെഞ്ചാണ് ലൈവ് സ്ട്രീമിംഗിൽ ഉണ്ടായിരുന്നത്.

ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള സെർവറിലൂടെ ലൈവ് സ്ട്രീമിംഗ് ഉണ്ടെങ്കിലും അതിന്റെ വീഡിയോ ഓൺലൈനിൽ ലഭ്യമാകില്ല. യു ട്യൂബ് പോലുള്ള പ്ലാറ്റ് ഫോമുകളിലാണ് നേരത്തേ ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നത്.