മൂവാറ്റുപുഴ: മഴ കനക്കുന്ന സാഹചര്യത്തിൽ വെള്ളൂർകുന്നം കോർമല, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ മണിപ്പാറ നാലാം ബ്ലോക്ക് എന്നിവിടങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ കാര്യത്തിൽ അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. 2012ൽ 6 പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾപൊട്ടലുണ്ടായ പൈങ്ങോട്ടൂരിലെ നാലാംബ്ലോക്കിലെ താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണം. അപകടസ്ഥിതി തുടരുന്ന വെള്ളൂർകുന്നത്തെ കോർമലക്ക് സമീപമുള്ള താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയും സ്വീകരിക്കണം. 2014ൽ കനത്ത മഴയെത്തുടർന്ന് മൂവാറ്റുപുഴ നഗരത്തിലെ വെള്ളുർകുന്നം കവലയിൽ കോർമല ഇടിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്. ജല അതോറിറ്റിയുടെ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുളള ടാങ്ക് സ്ഥിതി ചെയ്യുന്നതും കോർമലയിലാണ്. അപകട സാദ്ധ്യത കണക്കിലെടുത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി എൽദോ എബ്രഹാം പറഞ്ഞു.