പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ വളഞ്ഞുപോയ ഷട്ടർ ഉയർത്താനുള്ള ശ്രമം വിഫലമായി. നാലാമത്തെ ഷട്ടർ ഉയർത്തി പുറത്തേക്ക് എടുക്കാൻ രണ്ട് ക്രെയിൻ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ കൊണ്ടുവന്നിരുന്നു. രണ്ട് മണിക്കൂറോളം പരിശ്രമിച്ചിട്ടും ഫലമില്ലാതെ വന്നതോടെ മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ താത്കാലികമായി ശ്രമം ഉപേക്ഷിച്ചു മടങ്ങി. പുഴയുടെ ഒഴുക്കിനെ ബാധിക്കാത്ത തരത്തിൽ ഷട്ടർ ഉയർത്തി നിർത്തിയിട്ടുണ്ട്. കുറച്ചു നാളുകൾക്കു മുമ്പ് ചാലക്കുടിയാറിൽ വെള്ളം പൊങ്ങിയപ്പോഴാണ് നാലാമത്തെ ഷട്ടറിന്റെ മദ്ധ്യഭാഗം വളഞ്ഞത്. ഈ ഷട്ടർ മുകളിലേക്ക് ഉയർത്തുമ്പോൾ പാലത്തിന്റെ സ്പാനിൽ തട്ടി നിൽക്കുകയാണ്. ബ്രിഡ്ജിലെ 11 ഷട്ടറുകളും കാലഹരണപ്പെട്ടതാണ്.
രണ്ട് പതിറ്റാണ്ടുമുമ്പ് ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ദുരന്തകഥ പണിത അന്നുമുതൽ തുടരുകയാണ്. ബ്രിഡ്ജ് നിർമ്മിച്ചതിന്റെ ഗുണഫലങ്ങൾ പ്രയോജനപ്രദമാക്കാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ആദ്യകാലം മുതൽ ഷട്ടറുകൾക്കുണ്ടായ ചോർച്ച പരിഹരിക്കാനായില്ല. 1999ൽ 11കോടി 48 ലക്ഷം രൂപ ചെലവാക്കി മേജർ ഇറിഗേഷൻ വകുപ്പാണ് ചാലക്കുടിയാറിന് കുറുകെ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചത്. പാലത്തിൽ സജ്ജീകരിച്ച ഷട്ടറുകൾ വേനൽക്കാലത്ത് താഴ്ത്തി ഓരുജലം കയറുന്നത് തടയുകയായിരുന്നു ലക്ഷ്യം. പക്ഷെ ആദ്യവർഷം തന്നെ ഷട്ടറുകൾ ചോർന്നു. അറ്റകുറ്റപ്പണികൾക്കായി കോടികൾ മുടക്കുകയും ഷട്ടറുകൾ പുനർനിർമിക്കുകയും ചെയ്തെങ്കിലും ശാശ്വതപരിഹാരം ഇതുവരെയായിട്ടില്ല.
കോൺക്രീറ്റ് ബീമുകൾ തകർന്നു
ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകൾ പുഴയുടെ അടിത്തട്ടിൽ ചേർന്നിരിക്കാൻ നിർമ്മിച്ച 30 മീറ്ററോളം നീളമുള്ള രണ്ട് കോൺക്രീറ്റ് ബീമുകൾ തള്ളിപ്പോയിരുന്നു. കല്ലുകളും മരക്കൊമ്പുകളും അടിയിൽ കിടക്കുന്നതിനാൽ ഇപ്പോൾ പല ഷട്ടറുകളും കൃത്യമായി അടയുന്നില്ല. ഷട്ടറുകൾ ചോരുന്നതിനാൽ എല്ലാ വർഷവും വേനൽ കാലത്ത് ലക്ഷങ്ങൾ മുടക്കി മണൽബണ്ട് നിർമിക്കുകയാണ് മേജർ ഇറിഗേഷൻ വകുപ്പ്.
പുഴയിലെ വെള്ളത്തിന്റെ അളവിനും ഒഴുക്കിനും അനുസരിച്ച് അധികൃതർ ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നില്ല. ഷട്ടറുകളുടെ ക്രമീകരണം നടക്കാത്തതിനാൽ പറവൂർ, കളമശേരി, ആലുവ, കൊടുങ്ങല്ലൂർ, അങ്കമാലി നിയോജകമണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ പ്രതിസന്ധിയുണ്ടാക്കുന്നു. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, പാറക്കടവ്, ചെങ്ങമനാട്, കുന്നുകര, തൃശൂർ ജില്ലയിലെ പൊയ്യ, കുഴൂർ, അന്നമനട പഞ്ചായത്തുകളിലെ നെല്ല്, വാഴ, പച്ചക്കറി, കപ്പ തുടങ്ങിയ കൃഷികൾ ഇതുമൂലം നശിക്കുന്നതു പതിവാണ്.
33.5 കോടിയുടെ എസ്റ്റിമേറ്റ്
പഴയ ഷട്ടറുകൾ മാറ്റി സ്‌ഥാപിക്കാൻ മുപ്പത്തി മൂന്നര കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ഇതിൽ ഭേദഗതി വേണമെന്ന് മേജർ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ ആവശ്യപ്പെട്ടതിനാൽ ആലുവ സബ് ഡിവിഷൻ ഓഫിസ് അധികൃതർ ഭേദഗതി വരുത്തി ഡിവിഷൻ ഓഫിസിലേക്ക് നൽകിയിട്ടുണ്ട്.