കൊച്ചി: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10ലക്ഷംരൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനുമായി ചേർന്നുകൊണ്ട് നടത്തുന്ന വിവിധ വൈദ്യസഹായങ്ങൾക്കൊപ്പം രോഗികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രത്യേക മെഡിക്കൽ സംഘത്തെക്കൂടി കോട്ടക്കൽ ആയുർവേദ കോളേജും കോട്ടക്കൽ ഗവ. ആയുർവേദ മാനസികാരോഗ്യ ആശുപത്രിയുമായി ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. ദീർഘകാലം ക്യാമ്പിൽ കഴിയുന്നവർക്ക് ആരോഗ്യപരിരക്ഷയ്ക്കും സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്കും സഹായം നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഡി. ലീന, ജനനൽ സെക്രട്ടറി ഡോ. കെ.സി. അജിത്കുമാർ എന്നിവർ അറിയിച്ചു.