
കോലഞ്ചേരി: കനത്ത മഴയിൽ കപ്പകൃഷി വെള്ളത്തിലായതോടെയാണ് വില കൂപ്പുകുത്തി കിലോയ്ക്ക് 10 രൂപയായി. പെരുവുംമൂഴി, മഴുവന്നൂർ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കപ്പ കൃഷി ചെയ്തിരുന്നത്. മൂവാറ്റുപുഴയാറിലെ ജല നിരപ്പുയർന്നപ്പോൾ സമീപത്തെ കൈവഴികളിൽ വെള്ളം ഇരച്ച് കയറിയതോടെ കപ്പ കൃഷി വെള്ളത്തിനടിയിലാകുകയായിരുന്നു. ചീഞ്ഞ് പോകാതിരിക്കാൻ കർഷകർ വലിയതോതിൽ പറിച്ചെടുത്ത് വിപണിയിൽ എത്തിച്ചതോടെയാണ് വില കുത്തനെ ഇടിയാൻ കാരണം. രണ്ടാഴ്ച മുമ്പു വരെ മഴ മാറി നിന്ന സമയത്ത് വില കിലോയ്ക്ക് 35 വരെയെത്തിയ കപ്പയാണ് ഒറ്റയാഴ്ച കൊണ്ട് കുത്തനെ ഇടിഞ്ഞ് പത്തിൽ എത്തിയത്. പറിച്ചെടുക്കുന്നതിനും വില്പനക്കെത്തിക്കുന്നതിനുള്ള കൂലിയുമടക്കം വൻ നഷ്ടത്തിലാണെങ്കിലും കിട്ടിയ വിലയ്ക്ക് വിറ്റു തീർക്കുകയാണ് കർഷകർ. മഴ എന്ന് കുറയുമെന്നത് സംബന്ധിച്ച് കൃത്യമായ അറിയിപ്പില്ലാത്തതും തൊടിയിൽ കിടന്നു ചീഞ്ഞു പോയാൽ ഉണ്ടാകുന്ന പൊല്ലാപ്പുകളോർത്തുമാണ് കുറഞ്ഞ വിലക്ക് വില്പന. കപ്പയ്ക്ക് വില ലഭിക്കാതായതോടെ കപ്പക്കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ കൊവിഡ് കാലം മുതൽ കപ്പക്കൃഷിയിലേക്ക് പുതുതായി ഒരുപാടുപേർ കടന്നുവന്നിരുന്നു. ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് കപ്പ വ്യാപകമായി വിളവെടുക്കുന്നത്. വിളവെടുപ്പിനിടെയുള്ള വിലത്തകർച്ച ഇരട്ട പ്രഹരമാണ്. പരമ്പരാഗത കർഷകർ സ്വന്തം ഭൂമിക്ക് പുറമെ സ്ഥലം പാട്ടത്തിനെടുത്തും തറവാടക നൽകിയുമാണ് കൃഷി ഇറക്കിയത്. കൃഷിയിറക്കുന്നതിന്റെ മൂന്നിലൊന്ന് വിളവ് സ്ഥലം ഉടമകൾക്ക് നൽകുകയാണ് പതിവ്. ഇല്ലെങ്കിൽ പതിനായിരം മുതൽ ഇരുപതിനായിരം വരെ നൽകണം.
പണിക്കൂലിയും ചെലവുമുൾപ്പെടെ നോക്കുമ്പോൾ കിലോയ്ക്ക് 25 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ കർഷകരുടെ അദ്ധ്വാനം ഫലമില്ലാതെയാകും. 20 രൂപയെങ്കിലും കിലോയ്ക്ക് കിട്ടാൻ സാഹചര്യമൊരുക്കുകയോ മരച്ചീനിക്ക് സബ്‌സിഡി നൽകാൻ സർക്കാർ തയാറാകുകയോ ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
ഉത്പാദനത്തിനനുസരിച്ച് വിപണിയിൽ വില ലഭിക്കുന്നില്ല. കാലാവസ്ഥ മാറ്റം വരെ കർഷകരെ വൻ കടക്കെണിയിലേക്കാണ് തള്ളി വിടുന്നത്. അടിസ്ഥാന വില നിശ്ചയിച്ച് കർഷകർക്ക് വിള സംരക്ഷണം നൽകണം.
പി.വൈ.തമ്പി
കർഷകൻ
വലമ്പൂർ
നാട്ടിൻപുറങ്ങളിൽ വെള്ളക്കെട്ടുള്ള മേഖലയിലാണ് മിക്കവാറും കപ്പ കൃഷിയിറക്കുന്നത്. പാടശേഖരങ്ങൾ മുതൽ താഴ്ന്ന പ്രദേശങ്ങളിൽ വരെ വരെ വെള്ളം കയറി കൃഷി നശിച്ചു. അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണം
എം.ടി. ജോയി
ജനറൽ സെക്രട്ടറി
ഡി.സി.സി