കൊച്ചി: തീരദേശമേഖലകളിലേയ്ക്ക് വില്പനയ്ക്കായി എത്തിച്ച എട്ടുകി​ലോ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിലായി. ഒറീസ ബ്രന്മപൂർ സ്വദേശികളായ ബലവ് നായിക് (42). ബൽവിക് നായിക് (22) എന്നിവരാണ് കൊച്ചി സിറ്റി ഡാൻസാഫും ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസും തൃക്കാക്കര പൊലീസും ചേർന്നുള്ള സംയുക്ത നീക്കത്തിൽ പിടിയിലായത്.

ഒറീസയിൽനിന്ന് സ്ഥിരമായി നഗരത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും. കാക്കനാടുള്ള രഹസ്യതാവളത്തിൽനിന്ന് ഫോർട്ടുകൊച്ചി കമ്മാലക്കടവിലേക്കുള്ള യാത്രയ്ക്കിടെ പടമുകളിൽവച്ചാണ് സംഘം പിടിയിലായത്. ട്രോളിംഗ് നിരോധനത്തിനുശേഷം കടലിൽപോകാൻ തുടങ്ങിയ മത്സ്യത്തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു കഞ്ചാവെത്തിച്ചത്. ഒരു കിലോയോളം വീതമുള്ള പൊതികളിലാക്കി ആവശ്യക്കാർക്ക് നേരിട്ട് എത്തിക്കുന്നതായിരുന്നു പ്രതികളുടെ രീതി.

കോസ്റ്റൽ എ.ഐ.ജി ജി. പൂങ്കുഴലിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്നാണ് അറസ്റ്റ്.