u

ചോറ്റാനിക്കര: ജനങ്ങളുടെ ജീവന് ഭീഷണിയായി നിന്നിരുന്ന ഇല്ലിക്കൂട്ടം കേരളകൗമുദി വാർത്തയെ തുടർന്ന് വെട്ടിമാറ്റി. ചോറ്റാനിക്കര അമ്പാടിമല ഗുരുപാദം റോഡിൽ ഉണങ്ങിയ ഇല്ലിക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാകുന്നു എന്ന വാർത്ത കഴിഞ്ഞദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത വന്നതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഉടമയ്ക്ക് നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനുള്ളിൽ വെട്ടി മാറ്റിയില്ലെങ്കിൽ പഞ്ചായത്ത് വെട്ടിമാറ്റി തുക ഉടമയിൽ നിന്ന് ഈടാക്കും എന്ന് അറിയിച്ചതിനെ തുടർന്ന് ഉടമ ഇല്ലിക്കൂട് പൂർണ്ണമായും വെട്ടി മാറ്റുകയായിരുന്നു. റോഡിന്റെ വശത്ത് അപകടകരമായി നിൽക്കുന്ന ഇല്ലിക്കൂട് യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഭീഷണിയായിരുന്നു. ഇല്ലിക്കൂട്ടം വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ രണ്ടുമാസം മുമ്പ് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു എങ്കിലും നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. വാർഡ് മെമ്പർ പലവട്ടം ഉടമയോട് വെട്ടിമാറ്റാൻ ആവശ്യപ്പെട്ടിരുന്നു. റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ഇല്ലിക്കൂട്ടം മഴയും കാറ്റും ശക്തി പ്രാപിച്ചതോടെ ഏത് നിമിഷവും സമീപത്തുള്ള വൈദ്യുതി ലൈനിലേക്ക് വീഴാനുള്ള സാദ്ധ്യത നിലനിന്നിരുന്നു.