ahrisree-

കൊച്ചി: സിനിമാതാരം ഹരിശ്രീ അശോകന്റെ 'പഞ്ചാബിഹൗസ്" എന്ന വീടിന്റെ നിർമ്മാണത്തിൽ പിഴവ് വരുത്തിയ ടൈൽവ്യാപാരികളും കരാറുകാരും 17,83,641രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാരകോടതി. രണ്ടാം എതിർകക്ഷിയായ എൻ.എസ് മാർബിൾ വർക്‌സ് 16,58,641രൂപയും എതിർകക്ഷികൾ ഒരുലക്ഷംവും കോടതിച്ചെലവായി 25,000രൂപയും ഒരുമാസത്തിനകം നൽകാനാണ് ഉത്തരവ്.

എറണാകുളത്തെ പി.കെ ടൈൽസ് സെന്റർ,കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽനിന്ന് ഇറക്കുമതിചെയ്ത ടൈലുകൾ അശോകൻ വാങ്ങി തറയിൽ വിരിച്ചിരുന്നു. എൻ.എസ് മാർബിൾ വർക്‌സ് ഉടമ കെ.എ. പയസിന്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിച്ചത്. കാക്കനാട് വാഴക്കാലയിലെ വീടുപണി 2014ൽ പൂർത്തിയാകും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങി. വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കുകയും ചെയ്തു. വ്യാപാരികളെയും കരാറുകാരെയും സമീപിച്ചെങ്കിലും ഫലമുണ്ടാകാത്തതിനാൽ ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു.

ഉത്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കിയില്ലെന്നും ന്യൂനതയ്ക്ക് തെളിവില്ലെന്നും വാറന്റി രേഖകളൊന്നുമില്ലെന്നും എതിർകക്ഷികൾ വാദിച്ചു. ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബന്ധിതനാക്കിയ എതിർകക്ഷികളുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപെട്ടു. പരാതിക്കാരനുവേണ്ടി അഡ്വ. ടി.ജെ. ലക്ഷ്‌മണൻ ഹാജരായി.

പഞ്ചാബിഹൗസ് സിനിമ ഹിറ്റായിരുന്നു. അതേ പേരിൽ ഞാൻ പണിത വീട് പൊളിഞ്ഞു. പണിതപ്പോൾത്തന്നെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടിയതാണ്. കഷ്ടപ്പെട്ട് നേടിയ പണംകൊണ്ട് സ്വപ്‌നം കണ്ടുപണിത വീടാണ്. അനുകൂലവിധി ലഭിച്ചതിൽ സന്തോഷം.""

-ഹരിശ്രീ അശോകൻ