കൊച്ചി: പ്രതിസന്ധി രൂക്ഷമായതോടെ റേഷൻ വിതരണം നിറുത്തി വച്ച് സിവിൽ സപ്ലൈസ് വാഹന കരാറുകാർ.
മൂന്നുമാസത്തെ കുടിശിക അടക്കം 81 കോടിയാണ് കറാറുകാർക്ക് കിട്ടാനുള്ളിത്. കൂടാതെ തൊഴിലാളികളും ലോറികളും ലഭ്യമല്ലാതായതോടെയാണ് നടപടി. എഫ്.സി.ഐ ഗോഗൗണിൽ നിന്ന് സ്റ്റോക്കും റേഷൻ കടകളിൽ വാതിൽപ്പടി സേവനവും നിറുത്തുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ കുടിശിക ഇനത്തിൽ 15 കോടിയോളം വേറെയും ലഭിക്കാനുണ്ട്.
ബിൽ തുക സമർപ്പിച്ചാൽ ആദ്യത്തെ 90 ശതമാനം ആദ്യ ആഴ്ചയിലും ബാക്കി 10 ശതമാനം തുക ഓഡിറ്റ് കഴിഞ്ഞ് മൂന്നുമാസത്തിനുള്ളിലും നൽകണമെന്നാണ് വ്യവസ്ഥ. പലതവണ സപ്ലൈകോ സി.എം.ഡിക്കും ഭക്ഷ്യ വകുപ്പ് അധികൃതർക്കും നിവേദനം നൽകിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. ധന വകുപ്പ് പല കാരണങ്ങൾ പറഞ്ഞ് അനുമതി നൽകാത്തതാണ് സപ്ലൈകോയ്ക്ക് ഫണ്ട് ലഭ്യമാകാതിരിക്കുന്നതെന്നും ഇവർ പറയുന്നു.
കരാറുകാർ കഷ്ടത്തിൽ
മൂന്ന് മാസം എഫ്.സി.ഐ ഗോഡൗണിൽ നിന്ന് സ്റ്റോക്ക് എടുത്ത് വാതിൽപ്പടി വിതരണം നടത്തിയെങ്കിലും പണം ലഭിച്ചില്ല.തുകയുടെ 40 ശതമാനം ക്ഷേമനിധി വിഹിതമാണ്. അതത് മാസം അടച്ചില്ലെങ്കിൽ 25 ശതമാനം പലിശ കൂടി ഈടാക്കും. കൃത്യമായി വിഹിതം അടയ്ക്കാൻ പറ്റാത്തതിനാൽ പല കരാറുകാരും റവന്യൂ റിക്കവറി നടപടി നേരിടുകയാണ് .
തുക അടയ്ക്കാത്തതിനാൽ തൊഴിലാളികളെയും ക്ഷേമനിധി ഓഫീസിൽ നിന്ന് വിട്ടുനൽകുന്നില്ല. കൂടാതെ എഫ്.സി.ഐ ലോറി അസോസിയേഷനും പണം നൽകാനുള്ളതിനാൽ ഇവർ ലോറിയും വിട്ടുനൽകുന്നില്ല. പണം കുടിശികയുള്ളതിനാൽ കിലോമീറ്ററിന് 90 രൂപയുടെ സ്ഥാനത്ത് 250 രൂപവരെയാണ് ലോറി ഉടമകൾ ഈടാക്കുന്നത്.
ആവശ്യങ്ങൾ
അതത് മാസത്തെ ബില്ലിന്റെ 90 ശതമാനം കൃത്യമായി നൽകുക
സമയബന്ധിതമായി ഓഡിറ്റ് പൂർത്തിയാക്കി ബാക്കി 10 ശതമാനം അനുവദിക്കുക
ക്ഷേമനിധി വിഹിതം ബില്ലിൽ പിടിച്ച് സപ്ലൈകോ നേരിട്ട് നൽകുക
കയറ്റിറക്ക് കൂലിയും ലോറിവാടകയും ഏകീകരിക്കുക
ഭക്ഷ്യധാന്യങ്ങൾ തൂക്കി ബോദ്ധ്യപ്പെടുത്തി നൽകുക
റേഷൻ കടകളിലേക്ക് റൂട്ട് ഓഫീസറുടെ സേവനം വേണം
ലഭിക്കാനുള്ള കുടിശിക 96 കോടി
തൊഴിലാളികൾ 12000
ആകെ താലൂക്ക് 78
ധനകാര്യ വകുപ്പിന്റെ പിടിപ്പുകേട് മൂലമാണ് സിവിൽ സപ്ലൈസിന് ഫണ്ട് ലഭിക്കാത്തത്. തുക നൽകിയില്ലെങ്കിൽ ഓണത്തിന് അരിവിതരണം പ്രതിസന്ധിയിലാകും
തമ്പി മേട്ടുതറ
സംസ്ഥാന പ്രസിഡന്റ്