കൊച്ചി: നഗരത്തിൽ സി.എസ്.എം.എൽ വഴിവിളക്കുകൾ തെളിയും മുമ്പ് തന്നെ കേടാകുന്നതായി പരാതി. ഇതിന്റെ ഉത്തരവാദിത്തം ആർക്കെന്നതിനെ ചൊല്ലി തർക്കം മുറുകുകയാണ്. പുല്ലേപ്പടി പാലം, വെണ്ടുരുത്തി പാലം എന്നിവിടങ്ങളിലെല്ലാം മാസങ്ങൾക്കുള്ളിൽ തന്നെ ലൈറ്രുകൾ കേടായി.
ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി കൊച്ചി നഗരസഭയിലെ 44000 വഴിവിളക്കുകളാണ് സി.എസ്.എം.എൽ ഫണ്ട് ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുന്നത്. 17000 ലൈറ്റുകൾ മാത്രമേ കരാർ കമ്പനി ഇതുവരെ ഇട്ടിട്ടുള്ളൂവെന്നും ആരോപണമുണ്ട്. കോർപ്പറേഷന് യാതൊരു നിയന്ത്രണവുമില്ലാതെയാണ് ലൈറ്റ് മാറ്റുന്ന പ്രവൃത്തി നടക്കുന്നത്. സി.എസ്.എം.എല്ലിന്റെ ആദ്യ ടെൻഡർ വ്യവസ്ഥയിൽ അന്താരാഷ്ട്ര ലൈറ്റ് നിർമ്മാണ കമ്പനികളുടെ പേരുകളാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും കരാറുകാരനുവേണ്ടി ഈ ടെൻഡർ വ്യവസ്ഥകൾ മാറ്റി ലൈറ്റുകൾ സ്വന്തമായി ഉണ്ടാക്കുന്ന കമ്പനികൾ എന്നാക്കി മാറ്റി.
കോർപ്പറേഷൻ പരിധിയിലെ ലൈറ്റ് പദ്ധതികൾ
2013 സെപ്തംബർ 23 - പദ്ധതി തുടങ്ങിയത്
2263 പ്രാദേശിക റോഡുകളിൽ
102 പ്രധാന റോഡുകളിൽ
223 ചെറിയ റോഡുകളിൽ
മൂന്ന് സംസ്ഥാനപാതകളിൽ
മൂന്ന് ദേശീയപാതകളിൽ
കരാറുകാരന്റെ ഗ്യാരണ്ടി സമയപരിധി കഴിഞ്ഞാൽ പിന്നീട് ലൈറ്റുകൾ മെയിന്റനൻസ് എടുക്കുന്നവർക്ക് മാർക്കറ്റിൽ ഈ ലൈറ്റുകൾ ലഭ്യമല്ലാതെ വരും. ഇത് ബോധപൂർവം കരാറുകാരനെ സഹായിക്കുന്നതിന് വേണ്ടിയാണ്
ആന്റണി കുരീത്തറ
പ്രതിപക്ഷ നേതാവ്
കൊച്ചിൻ കോർപ്പറേഷൻ
കരാർ വ്യവസ്ഥ പ്രകാരം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ 24 മണിക്കൂറിനുള്ളിൽ തെളിയാത്ത ലൈറ്റുകൾ മെയിന്റനൻസ് നടത്തണമെന്നാണ്. സി.എസ്.എം.എൽ ലൈറ്റ് ഇട്ട അന്നുമുതൽ തെളിയാത്ത ലൈറ്റുകൾ ഇതുവരെ തെളിയിച്ചിട്ടില്ല
എം.ജി. അരിസ്റ്റോട്ടിൽ
പാർലമെന്ററി പാർട്ടി സെക്രട്ടറി