operation

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് മുല്ലശേരി കനാൽ നവീകരണം ഉൾപ്പടെയുള്ള പദ്ധതികൾ പൂർത്തിയാക്കാൻ മേയർ എം. അനിൽ കുമാർ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി. കൊച്ചിനഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രകാരമുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. ജില്ലാ കളക്ടർ എൻ.എസ്‌.കെ. ഉമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത്, സ്മാർട്ട് സിറ്റി, പൊലീസ്, മെട്രോറെയിൽ, റവന്യൂ, റെയിൽവേ, കെ.എസ്.ആർ.ടി.സി പ്രതിനിധികൾ പങ്കെടുത്തു.

വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ

• മുല്ലശേരി കനാൽ റോഡുപണി ആരംഭിച്ചതായി മൈനർ ഇറിഗേഷൻ വകുപ്പ് അറിയിച്ചു

• കമ്മട്ടിപ്പാടം ബണ്ട് മഴ തീരുന്ന മുറയ്ക്ക് പൂർത്തിയാക്കും.

• ഹൈക്കോടതി ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ജോലികൾക്ക് ടെൻഡർ നൽകി. മഴവെള്ളം മംഗളവനത്തിലൂടെ ഒഴുക്കി വിടും.

റെയിൽ വേയുടെ ഉത്തരവാദിത്തം
റെയിൽവേയുടെ അധീനതയിലുള്ള 34 കലുങ്കുകളിൽ മാലിന്യം വൃത്തിയാക്കാനുള്ള ഉത്തരവാദിത്തം റെയിൽവേയ്ക്കാണ്. റെയിൽവേ ലൈൻ കടന്നുപോകുന്ന കലുങ്കുകളിൽ പുറമേ നിന്നുള്ളവർ വൃത്തിയാക്കുമ്പോൾ ഏതെങ്കിലും വിധത്തിലുള്ള തകരാറുകളോ അപകടങ്ങളോ സംഭവിച്ചാൽ ആര് ഉത്തരവാദിത്വം വഹിക്കും?​

മേയർ അഡ്വ.എം.അനി​ൽകുമാർ

കലുങ്ക് വൃത്തിയാക്കുന്നതു സംബന്ധിച്ച് റെയിൽവേ ഡിവിഷണൽ മാനേജർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മറുപടി ലഭിച്ചിട്ടില്ല

റെയിൽവേ പ്രതിനിധി

മുണ്ടംവേലി ഫ്ലാറ്റ് പരിഹാരം കാണണം

പി ആൻഡ് ടി കോളനിയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ച മുണ്ടൻവേലിയിലെ ഫ്ളാറ്റ് സമുച്ചയത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സബ്കമ്മിറ്റിയെ നിയോഗിക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. സബ് കമ്മിറ്റി പരിശോധന നടത്തി റിപ്പോർട്ടും എസ്റ്റിമേറ്റും ജില്ലാ കളക്ടർക്കു നൽകണം. ജില്ലാ കളക്ടർ അംഗീകാരം നൽകുന്ന മുറയ്ക്ക് കോർപറേഷൻ ഫണ്ടിൽ നിന്ന് തുക അനുവദിച്ച് പണി നടത്തണമെന്നും എം.എൽ.എ പറഞ്ഞു. ഇക്കാര്യത്തിൽ കൗൺസിൽ ചർച്ച നടത്തി ക്രിയാത്മകമായ തീരുമാനം എടുക്കാമെന്ന് മേയർ അറിയിച്ചു.

58 ലക്ഷം
വെള്ളക്കെട്ട് പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുള്ളിലെ തറനിരപ്പ് രണ്ടടി ഉയർത്താൻ ടി.ജെ. വിനോദ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച തുക