കൊച്ചി: കുണ്ടന്നൂർ-തേവര പാലത്തിലെ കുഴികൾ അടിയന്തരമായി അടയ്ക്കാൻ കരാർ കമ്പനിയോട് ആവശ്യപ്പെട്ടതായി ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. കരാറുകാരായ കോതമംഗലം വി.കെ.ജെ ഇൻഫ്രാസ്ട്രക്ചറിന് നോട്ടീസ് അയയ്ക്കാൻ ഹർജി പരിഗണിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. പാലം ശാസ്ത്രീയമായി ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭാ മുൻ ഉപാദ്ധ്യക്ഷൻ ബോബൻ നെടുംപറമ്പിൽ നൽകിയ ഹർജിയിലാണ് നടപടി. 27ന് വീണ്ടും ഹർജി പരിഗണിക്കും.
പാലത്തിലെ ശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ മഴ കുറയുന്നതോടെ തുടങ്ങുമെന്നും കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ അനുമതിയെത്തുടർന്ന് കരാർ നൽകിയെന്നും സർക്കാർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ജൂണിൽ കാലവർഷം തുടങ്ങുമെന്നതിനാൽ ആഗസ്റ്റിൽ നിർമ്മാണം തുടങ്ങാനാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കിയിരുന്നു.