കൊച്ചി: വയനാട്ടിൽ ദുരിതബാധിതർക്കും സന്നദ്ധപ്രവർത്തകർക്കും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സൗജന്യഭക്ഷണം ലഭ്യമാക്കി. ദുരന്തദിനം മുതൽ പ്രതിദിനം പതിനായിരത്തോളം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ മേപ്പാടിയിൽ രണ്ട് വലിയ അടുക്കളകളിൽ പാചകംചെയ്താണ് ഭക്ഷണം വിതരണം ചെയ്യുന്നത്. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ, വയനാട് ജില്ലാ പ്രസിഡന്റ് അസ്ലം ബാവ, ജില്ലാ സെക്രട്ടറി സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് അടുക്കള പ്രവർത്തിക്കുന്നത്. വിവിധ ജില്ലാ, യൂണിറ്റ് കമ്മിറ്റി പ്രവർത്തകർ ഊഴംവച്ച് പാചകം ചെയ്യുന്നുണ്ട്. സർക്കാർ നിർദ്ദേശിക്കുന്ന ദിവസംവരെ ഭക്ഷണം വിതരണം ചെയ്യുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.