mla

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ പൊതുഗതാഗത സംവിധാനം കാര്യക്ഷമമല്ലാത്ത പ്രദേശങ്ങളിൽ യാത്രാക്ലേശം പരിഹരിക്കാൻ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ജനകീയ സദസ് ചേർന്നു. മാത്യു കുഴൽനാടൻ എം.എൽ.എ സദസ് ഉദ്ഘാടനം ചെയ്തു. ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ കൗൺസിലർ കെ.ജി. അനിൽകുമാർ, കോതമംഗലം ആർ.ടി.ഒ സലീം വിജയകുമാർ, മൂവാറ്റുപുഴ ആർ.ടി.ഒ കെ.കെ. സുരേഷ് കുമാർ, ജോയിന്റ് ആർ.ടി.ഒ ചന്ദ്രഭാനു, എൻ.എസ്. കിഷോർകുമാർ, എം.വി.ഐ ജിൽസ് ജോർജ് എന്നിവർ സംസാരിച്ചു.

ദേശസാത്കൃത റൂട്ടുകളിൽ പ്രെവറ്റ് ബസ് സർവീസുകൾക്കുള്ള നിയമത്തിൽ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് ജനകീയ സദസിൽ അവതരിപ്പിച്ച പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ കെ.എസ് .ആർ.ടി.ക്ക് ആവശ്യമായ സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ യാത്രാക്ലേശം പരിഹരിക്കാൻ ഇത്തരത്തിലുള്ള നിബന്ധനയിൽ മാറ്റം വരുത്തിയാൽ മാത്രമേ പ്രൈവറ്റ് വാഹനങ്ങൾക്ക് ഓടാൻ കഴിയൂ. യാത്രാക്ലേശം പരിഹരിക്കാനുള്ള നി‌ർദ്ദേശങ്ങൾ ജനസദസ് എം.എൽ.എക്ക് സമർപ്പിച്ചു.