അങ്കമാലി: വയനാട് ദുരന്ത ബാധിതർക്ക് കൈത്താങ്ങായി അങ്കമാലി നഗരസഭ 10 ലക്ഷം രൂപ കൈമാറി. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് കൗൺസിൽ ഐക്യകണ്ഠേന അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് നൽകിയത്. നഗരസഭ ചെയർമാൻ മാത്യു തോമസ് 10 ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന് കൈമാറി. ദുരന്തബാധിതരുടെ പുനരധിവാസമുൾപ്പടെയുള്ള എല്ലാ കാര്യങ്ങളിലും നഗരസഭയുടെ ഭാഗത്ത് നിന്ന് സാദ്ധ്യമായ എല്ലാ സഹായങ്ങളും തുടർന്നും ഉണ്ടാകുമെന്ന് ചെയർമാൻ അറിയിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ സിനി മനോജ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.വൈ. ഏല്യാസ്, ലക്സി ജോയ്, റോസിലി തോമസ്, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എ.വി. രഘു, കൗൺസിലർമാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, സാജു നെടുങ്ങാടൻ, നഗരസഭ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ എന്നിവർ സന്നിഹിതരായിരുന്നു.