vavu

ആലുവ: കർക്കടകവാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട് ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മണപ്പുറത്തു നിന്ന് തിരികെ ദേശീയപാതയിലേക്ക് വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡ് വഴി പ്രവേശിക്കണം.

തോട്ടയ്ക്കാട്ടുകരയിൽ നിന്ന് മണപ്പുറത്തേയ്ക്ക് ഗതാഗതം അനുവദിക്കില്ല. പറവൂർ കവല മണപ്പുറം റോഡിൽ വൈ ജംഗ്ഷൻ ഇടുങ്ങിയതായതിനാൽ ഇവിടെ വൺവേയാണ്. മണപ്പുറം പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ ട്രാൻസ്‌ഫോർമർ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ജി.സി.ഡി.എ റോഡിൽകൂടി പറവൂർ കവലയിലെത്തണം.

ഇന്ന് പുലർച്ചെ മുതൽ പമ്പ് കവലയിൽ നിന്ന് ബാങ്ക് ജംഗ്ഷൻ ഭാഗത്തേക്ക് ഇരുചക്രവാഹനം ഒഴികെയുള്ള വാഹനങ്ങൾ അനുവദിക്കില്ല.

 ഇവിടെ പാർക്ക് ചെയ്യാം

ബാങ്ക് കവല, പങ്കജം റോഡിന്റെ സൈഡിലും സിവിൽ സ്റ്റേഷൻ റോഡിന്റെ സൈഡിലും ഗുഡ് ഷെഡ് ഗ്രൗണ്ട് ഭാഗത്തും കൂടാതെ ജീവാസ് സ്‌കൂൾ ഗ്രൗണ്ടിലും ശിവഗിരി സ്‌കൂൾ ഗ്രൗണ്ടിലും (അദ്വൈതാശ്രമത്തിന് എതിർവശം) കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാം. ദേശീയപാതയിലൂടെ തർപ്പണത്തിന് വരുന്നവരുടെ വാഹനങ്ങൾ പറവൂർ കവല, സെമിനാരിപ്പടി ഭാഗത്തുള്ള ഡ്രൈവിംഗ് സ്‌കൂൾ ഗ്രൗണ്ട്കളിൽ പാർക്ക് ചെയ്യണം.

നടപ്പാലം പൂർണമായും അടച്ചിടും

ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലം പൂർണമായും അടച്ചിടും. ഭക്തർ ബലിയിട്ട ശേഷം ദേവസ്വം മെസ് ഹാളിലൂടെ മുകളിലെത്തി താത്കാലിക ക്ഷേത്രത്തിൽ ദർശനം നടത്തി ജി.സി.ഡി.എ റോഡിൽ കൂടി പറത്തേക്ക് പോകണം. പെരിയാറിൽ ഇറങ്ങാൻ ആരെയും അനുവദിക്കില്ല. ക്ഷേത്രത്തിന് 50 മീറ്റർ ചുറ്റളവിൽ വഴിയോര കച്ചവടം അനുവദിക്കില്ല.

മോഷ്ടാക്കളെയും റൗഡികളെയും മറ്റും നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

ആലുവ റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പൊലീസിനെ നിയോഗിക്കും.

സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മണപ്പുറത്തെ വാച്ച് ടവറുകളിൽ പൊലീസിന്റെ നിരീക്ഷണവും ഉണ്ടാകും.