കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്ക് 10കോടിരൂപ ചെലവിൽ 50വീടുകൾ നിർമിച്ച് നൽകുമെന്ന് ശോഭാ ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ പി.എൻ.സി മേനോൻ അറിയിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്തയച്ചു. ദുരന്തത്തിനിരയായവർക്ക് ദീർഘകാല പിന്തുണയെന്ന ഉദ്ദേശ്യത്തോടെയാണ് വീടുകൾ നിർമ്മിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വീടുകളുടെ നിർമ്മാണവും ധനസഹായവും കൈകാര്യം ചെയ്യുന്നത് ശ്രീകുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വഴിയായിരിക്കും. സി.എസ്.ആർ സംരംഭങ്ങളെന്ന നിലയിൽ കേരളത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും നേതൃത്വം നൽകുന്നതിൽ ട്രസ്റ്റ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.