manappuram

ആലുവ: നിയന്ത്രണങ്ങളോടെയാണെങ്കിലും കർക്കടകവാവ് ബലിതർപ്പണത്തിന് പെരിയാർ തീരം ഒരുങ്ങി. ഇന്നും നാളെയും തർപ്പണ ചടങ്ങുകൾ നീണ്ടുനിൽക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് മദ്ധ്യകേരളത്തിൽ മുഖ്യമായും തർപ്പണം നടക്കുക.

അവാമാസി ഇന്ന് വൈകിട്ട് മൂന്നര മുതൽ നാളെ വൈകിട്ട് നാലര വരെയായതിനാലാണ് ബലിതർപ്പണം രണ്ടു ദിവസം നടക്കാൻ കാരണം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ മണപ്പുറം ശിവക്ഷേത്രത്തിലെ പതിവ് പൂജകൾ കഴിഞ്ഞാൽ കർക്കടക വാവ് ബലി തർപ്പണത്തിനു തുടക്കമാകും.

മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിയാറിലെ കടവുകളിൽ മാലിന്യങ്ങളും ചെളിയുമെല്ലാം അടിഞ്ഞുകിടക്കുന്നത് അപകടസാദ്ധ്യതക്ക് കാരണമായതിനാൽ പെരിയാറിൽ ഇറങ്ങാൻ അനുമതിയില്ല.

മണപ്പുറത്ത് നിലവിൽ വാഹന പാർക്കിംഗിന് ഉപയോഗിക്കുന്ന സ്ഥലത്താണ് ഇക്കുറി ബലിതർപ്പണത്തിനായി താത്കാലിക സൗകര്യം ഒരുക്കിയിട്ടുള്ളത്. അമ്പതോളം ബലിത്തറകളുണ്ട്. ഒരേ സമയം അഞ്ഞൂറോളം പേർക്ക് തർപ്പണം നടത്താം. അദ്വൈതാശ്രമത്തിലും ഒരേസമയം അഞ്ഞൂറോളം പേർക്ക് തർപ്പണ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അറിയിച്ചു.

കൂറ്റൻ ഹാംഗർ പന്തൽ

മണപ്പുറത്ത് മഴ നനയാതെ തർപ്പണം നടത്താൻ ആദ്യമായി കൂറ്റൻ ഹാംഗർ പന്തൽ ഒരുക്കിയിട്ടുണ്ട്. ആർച്ചക് പുരോഹിത് സഭയാണ് ഇക്കുറി പന്തൽ ഒരുക്കിയത്. സാധാരണ ബലിത്തറ കരാർ എടുക്കുന്നവർ സ്വന്തം നിലയിൽ ഷീറ്റ് വലിച്ച് ഷെഡ് കെട്ടുകയായിരുന്നു പതിവ്. ഇക്കുറി ഭക്തർ മഴ നനയാതിരിക്കുന്നതിനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഹാംഗർ പന്തൽ നിർമ്മിച്ചത്.