nadppatha

മൂവാറ്രുപുഴ: പുഴയോര നടപ്പാത വൃത്തിയാക്കുന്ന തിരക്കിലാണ് നഗരസഭ ശുചീകരണ ജീവനക്കാർ. മൂവാറ്രുപുഴ ലതപടിമുതൽ പുഴക്കരകാവ് വരെ നീളുന്ന പുഴയോര നടപ്പാത ചളിനിറ‌ഞ്ഞ് കിടക്കുകയാണ്. കനത്ത മഴയെതുടർന്ന് മൂവാറ്റുപുഴയാർ നിറഞ്ഞ് ഒഴുകിയതോടെ പുഴയോര നടപ്പാതയിൽ മുഴുവൻ വെള്ളം കയറിയിരുന്നു. വെള്ളത്തോടൊപ്പം കട്ടപിടിച്ച ചെളിയും നടപ്പാതയിൽ അടിച്ചു കയറിയിരുന്നു. പ്രായമായവരുൾപ്പെടെ നിരവധി പേർ പ്രഭാത സായാഹ്ന സവാരി നടത്തിയിരുന്ന നടപ്പാതയാണ് ഇത്. മാത്രല്ല നിരവധി പേർ വൈകുന്നേരങ്ങളിൽ നടപ്പാതയിൽ ഇരുന്ന് ത്രിവേണി സംഗമത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് പതിവ് കാഴ്ചയുമായിരുന്നു. പുഴയോര നടപ്പാതയിൽ വെള്ളവും ചെളിയും നിറ‌ഞ്ഞതോടെ വൈകുന്നേരങ്ങളിലെ കൂട്ടായ്മയും ഇല്ലാതായി. ഇതോടെയാണ് അടിയന്തിരമായി പുഴയോര നടപ്പാത വൃത്തിയാക്കുവാൻ ശുചീകരണ ജീവനക്കാരെ നഗരസഭ നിയോഗിച്ചത്. ഏതാനും ദിവസങ്ങൾ കൊണ്ട് നടപ്പാത പഴയരീതിയിലാകുമെന്ന് ശുചീകരണ ജീവനക്കാർ പറഞ്ഞു.

നടപ്പാത ചെളിനിറഞ്ഞതോടെ സ്ഥിരമായി ചൂണ്ടയിട്ട് ഉപജീവനം കഴിച്ചിരുന്നവരുടെ ജീവനോപാധി അടഞ്ഞു. ചൂണ്ടയിടൽ ഹോബിയാക്കിയവരും വരാതായി. പുഴയോര നടപ്പാത വൃത്തിയാകുന്നതോടെ ചൂണ്ടയിടൽ സജീവമാകുമെന്നാണ് പ്രതീക്ഷ.

ജോണി

ചൂണ്ടത്തൊഴിലാളി