കൂത്താട്ടുകുളം: ഉരുൾപൊട്ടലിൽ ഭവന മടക്കം സർവതും നഷ്ടപ്പെട്ട വയനാട്ടിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് കൂത്താട്ടുകുളം നഗരസഭ താമസ സൗകര്യത്തിനാവശ്യമായ ഉപകരണങ്ങൾ അടക്കം വീടുകൾ നിർമ്മിച്ച് നൽകും. സാമൂഹ്യ സാംസ്കാരിക സംഘടനകൾ, കുടുംബശ്രീകൾ, വ്യക്തികൾ തുടങ്ങിയവരിൽ നിന്ന് സമാഹരിക്കുന്ന തുകയായിരിക്കും ഇതിന് ഉപയോഗിക്കുക.
കൂടാതെ നഗരസഭയുടെ ഫണ്ടിൽ നിന്ന് 2.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ നിധിയിലേക്ക് നൽകുമെന്നും കൗൺസിൽ ഐക്യകണ്ഠേന തീരുമാനമെടുത്തതായി നഗരസഭാ അധ്യക്ഷ വിജയാ ശിവൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ആവശ്യപ്പെടുന്ന സമയത്ത് ഭവന നിർമ്മാണ പദ്ധതിക്ക് 1 ലക്ഷം രൂപ സംഭാവനയായി നൽകുമെന്ന് പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ വാഗ്ദാനം നൽകി.
ഉപാദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജിജി ഷാനവാസ്, അംബികാ രാജേന്ദ്രൻ , കൗൺസിലർമാരായ പി.സി. ഭാസ്കരൻ, സിബി കൊട്ടാരം, ബേബി കീരാന്തടം, ജിഷാ രഞ്ജിത്ത്, സാമോൾ സുനിൽ , സുമ വിശ്വംഭരൻ, സെക്രട്ടറി ഷീബ എസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.