pttm

കോലഞ്ചേരി: മാനത്ത് മഴക്കാറ് മൂടിയാൽ മനമുരുകുന്നത് പട്ടിമറ്റത്തെ കച്ചവടക്കാർക്കാണ്. ഏതു നിമിഷവും കടകളിൽ വെള്ളം കയറുമെന്നാണ് ഇവരുടെ ഭീതി. റോഡ് ലെവലിൽ നിന്ന് താഴെ പ്രവർത്തിക്കുന്ന സ്ഥാപന ഉടമകളാണ് ഉള്ള് നീറി കഴിയുന്നത്. മഴ കനത്ത സമയങ്ങളിൽ ഒഴുകിയെത്തുന്ന വെള്ളം കടകളിൽ കയറി വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഒറ്റ മഴയിൽ ടൗണിൽ വെള്ളക്കെട്ടാകും. പൊതു മരാമത്ത് വകുപ്പിന്റെ അശാസ്ത്രീയമായ വികസനമാണ് കച്ചവടക്കാരെ ഇത്തരമൊരു ദുർവിധിയിലേയ്ക്കെത്തിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഒരു കോടി രൂപ മുടക്കി ടൗൺ മോടി പിടിപ്പിച്ചതാണ്. എന്നാൽ കാന വഴി വെള്ളമൊഴുക്കുന്ന കാര്യം മാത്രം കരാറുകാരനും കൂട്ടു നിന്ന ഉദ്യോഗസ്ഥരും മറന്നു. നാലു വശങ്ങളിലെ ഓടകളിൽ നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കാതെ ഓടകൾക്കു മുകളിൽ സ്ലാബിട്ട് ടൈൽ പാകിയാണ് കവല വികസനം യാഥാർത്ഥ്യമാക്കിയത്. കോലഞ്ചേരി റോഡിൽ തിയേ​റ്റർ ജംഗ്ഷനിൽ അമ്പാടി നഗർ ഭാഗത്തു നിന്നു വരുന്ന മഴ വെള്ളം കാനയിലേയ്ക്ക് ഒഴുകുന്നതിനും സൗകര്യമൊരുക്കിയിട്ടില്ല. ഈ വെള്ളവും റോഡിലൂടെ കവലയിലേക്കാണ് എത്തുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇതിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്.

അടിയന്തിരമായി കാനകൾ ശുചീകരണം നടത്തി വെള്ളമൊഴുക്ക് കൃത്യമാക്കാനുള്ള നടപടി സ്വീകരിക്കണം.

എ.പി. കുഞ്ഞുമുഹമ്മദ്, വ്യാപാരി, പട്ടിമറ്റം.

ടൗണിലെ കാനകൾ മുഴുവൻ മണ്ണ് നിറഞ്ഞ് മൂടിയ നിലയിലാണ് പഞ്ചായത്തും പൊതുമരാമത്തും പരസ്പരം പഴി ചാരി മത്സരിക്കുകയാണ്. ഓരോ സ്ഥാപനത്തിൽ നിന്നും കെട്ടിട നികുതിയും ലൈസൻസ് ഫീസും കൃത്യമായി വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങൾ നിസംഗതയിലാണ്.

ടി.പി. അസൈനാർ,

ജനറൽ സെക്രട്ടറി,

വ്യാപാരി വ്യവസായി

ഏകോപന സമിതി

പട്ടിമറ്റം യൂണിറ്റ്

വികസനത്തിനായി കാത്തിരിപ്പ്

നെല്ലാട് -കിഴക്കമ്പലം റോഡ് നവീകരണത്തിന്റെ ഭാഗമായി ജംഗ്ഷനിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് കച്ചവടക്കാർക്ക് ലഭിച്ച ഉറപ്പ്. എന്നാൽ റോഡ് നവീകരണം അനിശ്ചിതമായി നീളുന്നു. നിർദ്ദിഷ്ട മൂവാറ്റുപുഴ- വാഴപ്പിള്ളി-കിഴക്കമ്പലം നാലു വരി പാതയും ഈ ജംഗ്ഷൻ വഴിയാണ് കടന്നു പോകേണ്ടത്.

വികസനങ്ങളുണ്ടെന്ന് അധി‌കൃതർ പറയുമ്പോഴും അനിശ്ചിതമായ കാലതാമസമാണ് കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്നത്.