padam

കൊച്ചി: ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം കടപുഴകി വീണു. ആർക്കും പരിക്കുകളോ ട്രെയിന് കേടുപാടുകളോ ഇല്ല. സ്റ്റേഷൻ ഡ്യൂട്ടി ട്രാഫിക് ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലിലാണ് വൻദുരന്തം ഒഴിവായത് . ഇന്നലെ ഉച്ചയ്ക്ക് 12ഓടെ എറണാകുളം പാട്‌ന-എക്‌സ്പ്രസിന്റെ മുകളിലേക്കാണ് മരം വീണത്. വിവരമറിഞ്ഞ് ഉദ്യോഗസ്ഥ ഉടൻ ഈ ഭാഗത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും റെയിൽവേ ജീവനക്കാരും എത്തി മരം മുറിച്ചുമാറ്റി. വൈദ്യുതി ലൈനുകൾ പൊട്ടിയിരുന്നില്ല. തടസങ്ങളെല്ലാം നീക്കി കൃത്യസമയത്ത് തന്നെ ട്രെയിൻ യാത്രയ്ക്ക് സജ്ജമായി. അതേസമയം, മരം വീഴാനിടയായ സാഹചര്യം റെയിൽവേ പരിശോധിക്കും. കഴിഞ്ഞമാസം പച്ചാളം ഭാഗത്തും റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകി വീണിരുന്നു. ട്രെയിനുകൾ എത്തുന്നതിന് ഏതാനും മിനിട്ടുകൾക്ക് മുമ്പായിരുന്നു അപകടം. തുടർന്ന് റെയിൽവേ പാളം കടന്നുപോകുന്ന ഭാഗങ്ങളിൽ അപകടകരമായ മരങ്ങൾ മുറിക്കാൻ തീരുമാനിച്ചിരുന്നു.