road

കോലഞ്ചേരി: കടയിടുപ്പ് പുളിഞ്ചോട് റോഡിൽ കാരിക്കോട് അമ്പലത്തിന് സമീപമുള്ള തോടിനോട് ചേർന്നുള്ള കലുങ്ക് തകർന്നത് അപകട ഭീഷണി ഉയർത്തുന്നു. റോഡ് വീതി കൂട്ടി പുനർ നിർമ്മിച്ചപ്പോൾ കലുങ്കിന് വീതി കൂട്ടുന്ന കാര്യം അധികൃതർ മറന്നു. ഇതോടെ വീതി കുറഞ്ഞ കലുങ്കിൽ വാഹനങ്ങൾ ഇടിച്ച് പൂർണമായും തകരുകയായിരുന്നു. റോഡിന്റെ വീതി മുന്നിൽ കണ്ട് വരുന്ന വാഹനങ്ങൾ തോട്ടിൽ വീഴാനും ഇടയുണ്ട്.

നാല് പതിറ്റാണ്ട് മുമ്പാണ് കരിങ്കല്ല് കൊണ്ട് കലുങ്ക് പണിതത്. അന്ന് ചെറിയ റോഡായിരുന്നു. പിന്നീട് ഇന്നസെന്റ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തട്ടാംമുഗൾ കരിമുഗൾ റോഡ് ബി.എം, ബി.സി നിലവാരത്തിൽ പണിതതോടെ റോഡിന് വീതി കൂടി ഉന്നത നിലവാരത്തിലായി. ഇതോടെ നൂറു കണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ തുടങ്ങി. തട്ടാംമുഗളിൽ നിന്ന് എറണാകുളം,​ കാക്കനാട് ഭാഗത്തേയ്ക്ക് പോകുന്നവർ ഇതു വഴിയാണ് സഞ്ചാരം. ഇതോടെ കലുങ്ക് പൊളിഞ്ഞ ഭാഗം അതീവ അപകട മേഖലയായി മാറുകയായിരുന്നു. റോഡിന് വീതിയുണ്ടെന്ന അനുമാനത്തിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകിയാൽ തോട്ടിൽ വീഴുമെന്ന് ഉറപ്പാണ്. അപകടങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ കലുങ്ക് പൂർണമായും തകർന്നു. ഒരു വശം തോട്ടിലേയ്ക്ക് വീണു. സമാന സാഹചര്യത്തിൽ എതിർ വശത്തെ കലുങ്കും കേടു വന്നു. ആറു മാസം മുമ്പ് അതും ഇടിഞ്ഞ് തോട്ടിൽ വീണു.

റോഡരുകിൽ പുല്ലും കാടും വളർന്ന് നില്ക്കുന്നതിനാൽ തോട് കാണാൻ കഴിയാത്ത അവസ്ഥ ഇതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു റോഡ് വീതി കൂട്ടിയപ്പോൾ കലുങ്ക് പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല നാട്ടുകാർ മുൻ കൈയെടുത്ത് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചെങ്കിലും നിലവിൽ അതും കാണാതായി.

കലുങ്ക് വീതി കൂട്ടി ഉടൻ പുനർനിർമ്മിക്കാൻ നടപടി വേണം. അല്ലെങ്കിൽ അപകടങ്ങൾ തുടർക്കഥയാകും.

ഹരീഷ് കടയിരുപ്പ്, സമീപവാസി.

രാത്രി കാലത്ത് കാൽ നട യാത്രക്കാർ പോലും അപകടത്തിൽ പെടുന്നത് പതിവാണ്. അന്യ സംസ്ഥാന തൊഴിലാളികൾ പലരും തോട്ടിൽ വീണിട്ടുണ്ട്. അടിയന്തിരമായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം.

രതീഷ് കാരിക്കോട്, നാട്ടുകാരൻ.