mazha

കൊച്ചി: ജില്ലയിൽ ദിവസങ്ങളായി തുടർന്ന മഴയ്ക്ക് ഇന്നലെ താത്കാലിക ശമനം. കഴിഞ്ഞ 24 മണിക്കൂറിൽ എറണാകുളം ജില്ലയിൽ ശരാശരി 26.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. നീലീശ്വരം, പെരുമ്പാവൂർ, എറണാകുളം സൗത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.

ദുരിതാശ്വാസ ക്യാമ്പുകൾ നാലായി കുറഞ്ഞു. 31 കുടുംബങ്ങളിലെ 102 പേരാണ് ക്യാമ്പുകളിലുള്ളത്. മലങ്കര ഡാമിന്റെയും ഭൂതത്താൻകെട്ട് ബാരേജിന്റെയും മുഴുവൻ ഷട്ടറുകളും തുറന്നിരിക്കുകയാണ്. ഇടമലയാർ ഡാമിന്റെ എല്ലാ ഷട്ടറുകളും അടച്ചു.

പെരിയാറും മൂവാറ്റുപുഴയാറും ഉൾപ്പെടെ എല്ലാ നദികളിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.

ശക്തമായ മഴയേയും കാറ്റിനെയും തുടർന്ന് അടച്ചിട്ടിരിക്കുന്ന മലയാറ്റൂർ വനം ഡിവിഷനു കീഴിലുള്ള കാലടി മഹാഗണിത്തോട്ടം, ഭൂതത്താൻകെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ല.