കൊച്ചി: ഹരിതകർമ്മസേനാംഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും ഈ വർഷം ഏറ്റെടുക്കേണ്ട പദ്ധതികളെ കുറിച്ചുള്ള രൂപരേഖ തയ്യാറാക്കാനുമായി ചേർന്ന ഹരിതകർമ്മസേനാ കൺസോർഷ്യം ഭാരവാഹികളുടെ യോഗം തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ മറ്റൊരു യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി അപ്രതീക്ഷിതമായാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ യോഗത്തിലേക്ക് കടന്നുവന്നത്. വയനാട് ദുരിതബാധിതർക്ക് നൽകാനായി ഹരിതകർമ്മസേനാംഗങ്ങൾ തങ്ങളുടെ വരുമാനത്തിൽ നിന്നുള്ള ഒരു വിഹിതം ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നൽകാനായി ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷിന്റെയും പി.വി. ശ്രീനിജിൻ എം.എൽ.എയുടെയും സാന്നിദ്ധ്യത്തിൽ മന്ത്രിക്ക് കൈമാറി. 80,000 രൂപയാണ് കൈമാറിയത്. യോഗത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി.എം. റജീന, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓഡിനേറ്റർ എസ്. രഞ്ജിനി, ക്യാമ്പയിൻ സെക്രട്ടേറിയേറ്റ് കോഓഡിനേറ്റർ കെ.കെ. രവി, കുടുംബശ്രീ എ.ഡി.എം.സി അമ്പിളി തങ്കപ്പൻ, ജില്ലാ പ്രോഗ്രാം മാനേജർ പി.എ. അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.