കിഴക്കമ്പലം: മുന്തിയ ക്ളബുകളിൽ ഡി.ജെ പാർട്ടിക്കാർക്ക് വിതരണം ചെയ്യാനെത്തിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം സ്വദേശി വിഷ്ണുവിനെ (31) മോറക്കാലയിലെ വാടകവീട്ടിൽനിന്ന് എറണാകുളം എക്സൈസ് സംഘം പിടികൂടി. 50 ഗ്രാം മരീജുവാനയും 7ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
കഴിഞ്ഞ 6 മാസമായി മോറക്കാലയിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ് വിഷ്ണു. കഴിഞ്ഞദിവസം നെടുമ്പാശേരിയിൽ ഡി.ജെ പാർട്ടിക്കിടെ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയ പ്രതികളിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് മോറയ്ക്കാലയിൽ പരിശോധന നടത്തിയത്. അപകടകാരികളായ 7 നായ്ക്കളുമായാണ് വിഷ്ണു വാടകവീട്ടിൽ താമസിച്ചിരുന്നത്. എക്സൈസ് പരിശോധനയ്ക്ക് എത്തുമ്പോൾ രണ്ട് വിദേശവനിതകളും ബംഗളൂരു സ്വദേശിയും അവിടെ ഉണ്ടായിരുന്നു.
എറണാകുളം എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, പ്രിവന്റീവ് ഓഫീസർമാരായ കെ.പി. ജിനീഷ്, എം.എം. അരുൺകുമാർ, ബസന്ത്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ കാർത്തിക്, ജിതിൻ, കെ.എ. ബദർ, നിഷ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.