കൊച്ചി: യുവതി മൂന്ന് കുട്ടികൾക്ക് സിസേറിയനിലൂടെ ജന്മം നൽകിയത് പകർത്തി വാട്സ്ആപ്പിൽ പങ്കുവച്ചതിന് ഡോക്ടർ അടക്കമുള്ളവർക്കെതിരെ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കണ്ണൂർ പയ്യന്നൂർ സർക്കാർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന പി.പി. സുനിൽ, ജീവനക്കാരനായിരുന്ന കെ. സുബൈർ എന്നിവർക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികർ നല്കിയ ഹർജി തള്ളി. ഇത്തരം ഗൗരവകരമായ കേസുകൾ റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
സിസേറിയന്റെ വീഡിയോയും ഫോട്ടോയും പ്രതികൾ എടുത്തിരുന്നു. ഇത് വാട്‌സ്ആപ്പിലേക്ക് അയക്കുകയും ചെയ്തു. അന്വേഷണത്തിൽ പൊലീസ് ഇവരുടെ മൊബൈൽഫോണിലും ടാബിലുംനിന്ന് ഇവ കണ്ടെടുത്തു. ഇതിനെത്തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ഐ.ടി ആക്ടിലെയും വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്.
കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ പ്രതികളുടെ നടപടി യുവതിയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന നടപടിയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം.പി. പ്രശാന്ത് വാദിച്ചു.