ആലുവ: രാത്രി കാലങ്ങളിൽ സൂപ്പർ ഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളും ആലുവ സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന് കെ.എസ്.ആർ.ടി.സി വീണ്ടും ഉത്തരവിറക്കി. ചില ബസുകൾ സ്റ്റാൻഡിന് മുമ്പിലെ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുവെന്നും ചില ബസുകൾ ബൈപ്പാസ് വഴി കടന്നുപോകുന്നുവെന്നും പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.
അൻവർ സാദത്ത് എം.എൽ.എ ഗതാഗത മന്ത്രിയെ വിഷയം ധരിപ്പിച്ചതിനെ തുടർന്ന് മദ്ധ്യമേഖല ചീഫ് ട്രാഫിക്ക് ഓഫീസറാണ് വീണ്ടും ഉത്തരവിറക്കിയത്. മൂന്നാഴ്ച മുമ്പ് വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എം.എൽ.എ സ്റ്റാൻഡ് സന്ദർശിച്ചപ്പോൾ യാത്രക്കാരാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകൾ ആലുവ സ്റ്റാൻഡിൽ കയറണമെന്നാണ് നിർദ്ദേശം. ചില ബസ് ജീവനക്കാർ പത്ത് മണിയായാലും സ്റ്റാൻഡിൽ പ്രവേശിക്കാതെ യാത്രക്കാരെ ബൈപ്പാസിൽ ഇറക്കി വിടുന്നതായും നിരവധി പരാതികളുണ്ട്.
ദീർഘദൂര യാത്രക്കാർക്കായി പ്രത്യേക ഷെഡും ഉൾപ്പെടെ സ്റ്റാൻഡിൽ നിർമ്മിച്ചിട്ടുണ്ട്. എന്നിട്ടും ബസുകൾ റോഡിൽ നിർത്തുന്നത് യാത്രക്കാർക്ക് വെയിലും മഴയുമേൽക്കാൻ ഇടയാക്കുകയാണ്.
ഉത്തരവ് ലംഘിക്കുന്നത് നടപടിയില്ലാത്തതിനാൽ
ഒന്നരമാസം മുമ്പ് സർവീസ് ആരംഭിച്ച സൂപ്പർ ഫാസ്റ്റ് എൽ.എസ് ബസുകളിൽ രണ്ട് കാറ്റഗറിയിൽപ്പെടുന്നവയിൽ രണ്ട് ബസുകൾ മാത്രമാണ് ആലുവ സ്റ്റാൻഡിൽ കയറുന്നത്. കാറ്റഗറി രണ്ടിൽ 30ഓളം ബസുകൾക്ക് ദേശീയപാത വഴി സർവീസുണ്ടെങ്കിലും സ്റ്റാൻഡിൽ പ്രവേശിക്കുന്നത് തിരുവനന്തപുരം - നിലമ്പൂർ, തിരുവനന്തപുരം - മാനന്തവാടി ബസുകൾ മാത്രം. ഇതിനെതിരെ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയാലും നടപടി സ്വീകരിക്കാത്തതാണ് ജീവനക്കാരുടെ നിയമലംഘനത്തിന് കാരണമെന്ന് ആലുവ ഡിപ്പോയിലെ ഉദ്യോഗസ്ഥർ പറയുന്നു.
സീനത്ത് കവലയിൽ
സ്റ്റോപ്പ് അനുവദിച്ചു
പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ നിന്നും വരുന്ന എല്ലാ ദീർഘദൂര ബസുകൾക്കും സീനത്ത് കവലയിൽ സ്റ്റോപ്പ് അനുവദിച്ചു. ഒമ്പത് മാസം മുമ്പ് ആലുവ താലൂക്ക് വികസന സമിതി ഉന്നയിച്ച ആവശ്യവും കെ.എസ്.ആർ.ടി.സി മദ്ധ്യമേഖല എക്സി. ഡയറക്ടറുടെ റിപ്പോർട്ടും പരിഗണിച്ചാണ് മാനേജിംഗ് ഡയറക്ടറുടെ ഉത്തരവ്.
തീരുമാനം അനിശ്ചിതമായി നീണ്ടതോടെ ആലുവ ബാർ അസോസിയേഷൻ പ്രസിഡന്റ് പി.എൻ. ഉണ്ണിക്കൃഷ്ണൻ, അൻവർ സാദത്ത് എം.എൽ.എ മുഖേന കഴിഞ്ഞ മാസം ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നിവേദനം നൽകിയതിനെ തുടർന്നാണ് പഴയ ഫയൽ പൊടിതട്ടിയെടുത്ത് വെള്ളിയാഴ്ച്ച ഉത്തരവിട്ടത്.